ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് രക്ഷപ്പെട്ടത് നിയമത്തിന്റെ അഭാവം കാരണമാണെന്ന് ഡല്‍ഹി മുന്‍ കമ്മിഷണര്‍ നീരജ് കുമാര്‍. 37 വര്‍ഷം സേവനമനുഷ്ഠിച്ച ഐപിഎസ് ഓഫീസറായ നീരജ് കുമാര്‍ ഡല്‍ഹി പൊലീസ് കമ്മിഷണറായിരിക്കെ അദേഹത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരമാണ് സ്പെഷ്യല്‍ സെല്‍ ശ്രീശാന്തിനെയും സഹതാരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്.
ശക്തമായ തെളിവുകള്‍ ശ്രീശാന്തിനെതിരെ ഉണ്ടായിട്ടും രക്ഷപ്പെടാന്‍ കാരണമായത് കായിക രംഗത്തെ അഴിമതിക്കെതിരെ നിയമമില്ലാത്തത് കൊണ്ടു മാത്രമാണ്. ക്രിക്കറ്റ് രംഗത്തെ അഴിമതി ഗൗരവമായി നോക്കിക്കാണുന്നില്ല. ഒരു നിയമവും ഇതിനെതിരെ ഇല്ല. ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലും നിയമമുണ്ട്. എന്തിന് സിംബാവെയ്ക്ക് പോലും പ്രത്യേക നിയമമുണ്ടെന്ന് നീരജ് കുമാര്‍ വ്യക്തമാക്കി. കായികരംഗത്തെ അഴിമതിക്കെതിരെ കേസെടുക്കുന്നതിലെ ഏറ്റവും വലിയ തടസം നിയമത്തിന്റെ അഭാവമാണെന്നും അദേഹം പറഞ്ഞു.
2013 മെയ് 16 നാണ് രാജസ്ഥാന്‍ റോയല്‍സ് ടീമംഗങ്ങളായിരുന്ന അജിത് ചാന്ദില, അങ്കിത് ചവാന്‍ എന്നിവര്‍ക്കൊപ്പം സ്പോട്ട്ഫിക്‌സിങ് കേസില്‍ ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുന്നത്. ഗുരുതരമായ ചാര്‍ജുകളായിരുന്നു കുറ്റപത്രത്തില്‍ ഉണ്ടായിരുന്നത്. തിഹാര്‍ ജയിലിലേക്കാണ് വിചാരണത്തടവുകാരനായി മാറ്റിയത്. ഇതോടെ ബിസിസിഐ ആജീവനാന്തകാലത്തേക്ക് വിലക്കുകയായിരുന്നു. പിന്നീട് സുപ്രീം കോടതിയിലെ നിയമ പോരാട്ടത്തിനൊടുവില്‍ ശ്രീശാന്ത് കുറ്റവിമുക്തനായി.
അപ്പോഴും ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നിലനില്‍ക്കുകയായിരുന്നു. ഈ വിലക്ക് റദ്ദാക്കാനായിരുന്നു പിന്നീടുളള പോരാട്ടം. ആജീവനാന്തവിലക്ക് ശരിവച്ച കേരള ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ന്യായമായ രീതിയില്‍ വിലക്ക് പുനക്രമീകരിക്കാന്‍ ബിസിസിഐയോട് കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് വിലക്ക് ഏഴ് വര്‍ഷത്തേക്കാക്കി മാറ്റി. പിറ്റേ വര്‍ഷം കളിക്കളത്തിലിറങ്ങാന്‍ അനുവാദവും നല്‍കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.