ന്യൂഡൽഹി: ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ (എച്ച്എംഎസ്ഐ) ബുധനാഴ്ച വേൾഡ് പ്രീമിയറിൽ എച്ച്നെസ് സിബി 350 ഡിജിറ്റൽ എന്ന മോഡൽ അവതരിപ്പിച്ചു. മോട്ടോർസൈക്കിളിന് ബേസ് മോഡലിന് 1.9 ലക്ഷം രൂപയോളമായിരിക്കും വില എന്ന് എച്ച്എംഎസ്ഐ ഉദ്യോഗസ്ഥർ പറഞ്ഞു. ആവശ്യക്കാർക്ക് 5,000 രൂപ നൽകികൊണ്ടു ബുക്കിംഗ് ചെയ്യാവുന്നതാണ്.
എച്ച്‌എംഎസ്‌ഐ പുതിയ മോഡലിനെ 'ക്ലാസിക് ശൈലിയിലെ ആധുനിക ബൈക്ക്' എന്ന് വിളിക്കുന്നു. പ്രീമിയം ഹോണ്ട ബിഗ് വിംഗ് ഡീലർഷിപ്പുകളിൽ നിന്ന് മോട്ടോർസൈക്കിൾ വിൽക്കും. എച്ച്‌എംഎസ്‌ഐ പ്രധാനമായും സ്‌കൂട്ടറുകൾ, എൻട്രി ലെവൽ ബൈക്കുകൾ എന്നിവയിലായിരുന്നു ഇതുവരെ ശ്രദ്ധ വച്ചിരുന്നത്. എന്നാൽ, എച്ച്നെസ് സിബി 350 യുടെ വരവോടെ ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിലെ 300-350 സിസി ക്രൂയിസർ വിഭാഗത്തിൽ പ്രവേശിക്കുന്നു, ഐഷർ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡിന്റെ ആധിപത്യമാണ്, ഈ കാറ്റഗറിയിതുവരെ കണ്ടിട്ടുള്ളത്. എന്നാൽ ഈ കഥ മാറാൻ പോകുന്നുവെന്ന കാര്യം ഏകദേശം തീർച്ചയായി. പ്രീമിയം ക്ലാസിക്ക് ബൈക്ക് വിഭാഗത്തിലെ റോയൽ എൻഫീൽഡ് ക്ലാസിക്ക് 350, ജാവ എന്നിവയ്ക്ക് എച്ച്നെസ് സിബി 350 വലിയ വെല്ലുവിളി ഉയർത്തും.
ഒക്ടോബർ 1 മുതൽ ഗുഡ്ഗാവ്, മുംബൈ, ബെംഗളൂരു, കൊച്ചി, ഭിലായ് എന്നിവിടങ്ങളിലെ ബിഗ് വിംഗ് ഔട്ട്ലെറ്റുകളിൽ ആദ്യം പുതിയ മോഡൽ ലഭ്യമാകും. ഹോണ്ട മോട്ടോർസൈക്കിൾ എച്ച്നെസ് മോഡലിനായി 350സിസി, എയർ കൂൾഡ്, 4സ്ട്രോക്ക്, ഒഎച്ച്സി, സിംഗിൾ സിലിണ്ടർ എഞ്ചിൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ എഞ്ചിൻ 15.5 കിലോവാട്ട് പരമാവധി പവറും 30 എൻഎം നെറ്റ് ടോർക്കും ഉത്പാദിപ്പിക്കുന്നു. കണക്കുകളിൽ ഇത് പ്രധാന എതിരാളിയായ റോയൽ എൻഫീൽഡ് ക്ലാസിക് 350 എഞ്ചിനേക്കാൾ അല്പം മുന്നിൽ തന്നെയാണു. എങ്കിലും നിരത്തിൽ ഓടിച്ചു നോക്കുമ്പോഴാണ് ഇതിന്റെ പ്രകടനം താരതമ്യപ്പെടുത്താൻ സാധിക്കൂ. മികച്ച എഞ്ചിൻ റിഫൈന്മെന്റ് ആണ് ഹോണ്ട എഞ്ചിനുകളുടെ പ്രത്യേകത അത് ഈ മോഡലിലും കാത്തു സൂക്ഷിച്ചിട്ടുണ്ട് എന്നാണു വിപണി വൃത്തങ്ങൾ പറയുന്നത്. ആർ പി എം ബാൻഡിൽ ഉടനീളം കാണപ്പെടുന്ന ഏറ്റവും കുറഞ്ഞ വൈബ്രേഷൻ ഹോണ്ടയുടെ എഞ്ചിനീറിങ് വൈദഗ്ദ്ധ്യം എടുത്തു കാണിക്കുന്നു.
വിദൂരത്തുനിന്നും എച്ച്നെസ് സിബി 350 ന്റെ വരവ് പ്രഖ്യാപിക്കുന്ന വിധമുള്ള ശബ്ദം ഈ ബൈക്കിന്റെ ക്ലാസിക് ശൈലിക്ക് ചേർന്നതാണ് . ഹോണ്ട സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം, ഹോണ്ട സെലക്ടബിൾ ടോർക്ക് കൺട്രോൾ, തത്സമയ മൈലേജ് അസിസ്റ്റ്, സ്ലിപ്പർ ക്ലച്ച് തുടങ്ങിയ സവിശേഷതകളുമായാണ് ബൈക്കിന്റെ ഇൻസ്ട്രമെൻറ് ക്ലസ്റ്റർ വരുന്നത്. ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ടോർക്ക് കൺട്രോൾ സിസ്റ്റം, ബ്ലൂടൂത്ത് ഇക്കോസിസ്റ്റം, ഡ്യുവൽ ചാനൽ എബിഎസ്, ഫ്രണ്ട് 310 എംഎം വലിയ ഡിസ്ക് ബ്രേക്ക്, 240 എംഎം റിയർ ഡിസ്ക് ബ്രേക്ക് എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു.
എച്ച്നെസ് സിബി 350 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്: ഡി എൽ എക്സ് , ഡി എൽ എക്സ് പ്രോ. പ്രോ വേരിയന്റിൽ പുറമേ ഇരട്ട ഹോൺ, ഡ്യുവൽ-ടോൺ കളർ, സ്മാർട്ട്‌ഫോൺ വോയ്‌സ് കൺട്രോൾ സിസ്റ്റം എന്നിവകൂടി ലഭിക്കും.
പ്രെഷ്യസ് റെഡ് മെറ്റാലിക്, പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, മാറ്റ് മാർഷൽ ഗ്രീൻ മെറ്റാലിക്, സ്പിയർ സിൽവർ മെറ്റാലിക് ഉള്ള പേൾ നൈറ്റ് സ്റ്റാർ ബ്ലാക്ക്, വെർച്വൽ വൈറ്റ് ഉള്ള അത്ലറ്റിക് ബ്ലൂ മെറ്റാലിക്, ഗ്രേ മെറ്റാലിക്ക് എന്നീ കളറുകളിൽ പുതിയ എച്ച്നെസ് സിബി 350 ലഭ്യമാണ്.
പ്രീമിയം ബിഗ് ബൈക്ക് സെഗ്‌മെന്റിന്റെ വില്പന ഇരട്ടിയാക്കുമെന്നാണ് ഹോണ്ട കഴിഞ്ഞ വർഷം അറിയിച്ചിരുന്നത്. ബിഎസ്-ആറ് എമിഷൻ മാനദണ്ഡങ്ങളനുസരിച്ച് നിർമിച്ച പുതിയ എഞ്ചിനുകൾ എഫ്‌വൈ 21 സീരീസിലെ അഞ്ച് പുതിയ മോഡലുകൾക്കും, 300 സിസി സിബി-300ആർ മുതൽ 1,800 സിസി ഗോൾഡ് വിംഗ് വരെയുള്ള നിലവിലുള്ള ഏഴ് പ്രീമിയം ബിഗ് ബൈക്ക് മോഡലുകൾക്കും ലഭിക്കും. 2019 ഏപ്രിലിൽ സിൽവർ വിംഗ് മാർക്കിന് കീഴിൽ എച്ച്എംഎസ്ഐ തങ്ങളുടെ പുതിയ പ്രീമിയം ബൈക്ക് വിഭാഗം ഹോണ്ട ബിഗ് വിംഗ് എന്ന പേരിൽ തനതായി ആരംഭിച്ചു. ഇത് കമ്പനിക്ക് മികച്ച സർവീസ് നല്കാൻ സഹായിക്കും എന്നാണ് ഹോണ്ട അവകാശപ്പെടുന്നത്.
✍ പീറ്റർ തൃശ്ശൂക്കാരൻ
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.