ക്ഷേമ പെന്‍ഷന്‍ അവകാശമല്ല, സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ക്ഷേമ പെന്‍ഷന്‍ അവകാശമല്ല, സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമെന്ന്  സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: ക്ഷേമ പെന്‍ഷന്‍ അവകാശമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ നല്‍കുന്ന സഹായം മാത്രമാണ് ക്ഷേമ പെന്‍ഷനെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ക്ഷേമ പെന്‍ഷന്‍ വിതരണം എപ്പോള്‍ നടത്തണമെന്ന് തീരുമാനമെടുക്കുന്നത് സര്‍ക്കാരാണ്. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗം മാത്രമാണ് ക്ഷേമ പെന്‍ഷന്‍. നിയമം അനുശാസിക്കുന്ന പെന്‍ഷന്‍ ഗണത്തില്‍ പെടുന്നതല്ല ക്ഷേമ പെന്‍ഷനെന്നും സര്‍ക്കാരിന്റെ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.

സംസ്ഥാനത്ത് അഞ്ച് വിഭാഗങ്ങളിലായി 45 ലക്ഷത്തിലധികം ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നുണ്ട്. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്ക് പുറമേ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കായി പ്രത്യേക സഹായമായും പെന്‍ഷന്‍ വിതരണം ചെയ്യുന്നുണ്ട്.

പെന്‍ഷന്‍ വിതരണത്തിനായി ഒരു മാസം 900 കോടി രൂപയാണ് സര്‍ക്കാരിന് ചെലവ്. ഇതിന് പുറമെ വെല്‍ഫെയര്‍ പെന്‍ഷനുകള്‍ക്കായി 90 കോടി രൂപ വേറെയും കണ്ടെത്തണം.

സാമൂഹ്യ പെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി കാരണമാണ് പെന്‍ഷന്‍ വിതരണം നടക്കാത്തതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം മുടങ്ങിയതിനെതിരായ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.