ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്: സെന്‍സെക്സ് ആദ്യമായി 75,000 കടന്നു; നിഫ്റ്റി 22,750 ന് മുകളില്‍

 ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്: സെന്‍സെക്സ് ആദ്യമായി 75,000 കടന്നു; നിഫ്റ്റി 22,750 ന് മുകളില്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. ഐടി, ഓട്ടോ ഓഹരികളാണ് ഇന്ന് കുതിച്ചുയര്‍ന്നത്. അമേരിക്കന്‍ വിപണി മന്ദഗതിയില്‍ നീങ്ങുമ്പോഴാണ് ഇന്ത്യന്‍ സൂചികകളില്‍ വ്യാപാരം പുതിയ ഉയരങ്ങള്‍ താണ്ടിയത്.

സെന്‍സെക്സ് സൂചിക ആദ്യമായി 75,000 പിന്നിട്ട് 75,124ല്‍ എത്തി. അതേസമയം, നിഫ്റ്റി 22,765 എന്ന പുതിയ റെക്കോഡ് നേട്ടത്തിലുമെത്തി. രണ്ട് സൂചികകളും 0.20 ശതമാനം ഉയര്‍ന്നു. രാവിലെ 9.20ന് നിഫ്റ്റിയില്‍ 35 ഓഹരികള്‍ കുതിച്ചുയര്‍ന്നിരുന്നു. അതേസമയം 15 ഓഹരികള്‍ ഇടിവ് രേഖപ്പെടുത്തി.

ഹീറോ മോട്ടോകോര്‍പ്പ്, ഇന്‍ഫോസിസ്, ടാറ്റാ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് ഏറ്റവും മികച്ച നേട്ടം കൊയ്തത്. ദിവീസ് ലാബോറട്ടറീസ്, ഒഎന്‍ജിസി, ഐഷര്‍ മോട്ടോര്‍സ്, ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവ നഷ്ടം രേഖപ്പെടുത്തി.

അടുത്ത കാലത്ത് ശക്തമായ പ്രകടനമാണ് സൂചികകള്‍ പുറത്തെടുക്കുന്നതെന്ന് ടെക്നിക്കല്‍ ആന്‍ഡ് ഡെറിവേറ്റീവ്-ഏഞ്ചല്‍ വണ്‍ റിസേര്‍ച്ച് ഹെഡ് സമീത് ചവാന്‍ പറഞ്ഞു. മൂന്ന് മാസത്തിലേറെയായി ഓഹരി വിപണിയില്‍ വിലകള്‍ ഉയരുന്ന പാറ്റേണിലാണ് വ്യാപാരം നടക്കുന്നതെന്നും ചവാന്‍ പറഞ്ഞു.

ഇന്‍ഫോസിസിന്റെ ഓഹരികളില്‍ രണ്ട് ശതമാനത്തിലധികം കുതിച്ചു ചാട്ടമാണ് രേഖപ്പെടുത്തിയത്. നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സ്ഥാപനമാണ് ഇന്‍ഫോസിസ്. ബ്ലോക്ക് ഡീലിലൂടെ ബെയ്ന്‍ കാപിറ്റല്‍ 1.1 ശതമാനം ഓഹരികള്‍ സ്വകാര്യ വായ്പാദാതാവിന് വിറ്റതോടെ ആക്സിസ് ബാങ്കിന്റെ ഓഹരികള്‍ ഇടിഞ്ഞു.

ബ്ലോക്ക് ഡീലിലൂടെ നിക്കോമാക്ക് മെഷീനറിയും ആര്‍പി അഡ്വൈസറി സര്‍വീസസും 4.4 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്ന വാര്‍ത്ത വന്നതോടെ ഗ്ലാന്‍ഡ് ഫാര്‍മയുടെ ഓഹരികളും 5 ശതമാനം ഇടിഞ്ഞിരുന്നു.

ആഗോള വിപണികള്‍ തിങ്കളാഴ്ച വാള്‍സ്ട്രീറ്റിലെ പ്രധാന ഓഹരി വിപണി സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഡൗ 11.24 (0.03 ശതമാനം) ഇടിഞ്ഞ് 38,892.80-ല്‍ വ്യാപാരം അവസാനിപ്പിച്ചു. എസ് ആന്‍ഡ് പി 500 1.95 പോയിന്റ് ഇടിഞ്ഞ് 5202.39ലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം, നാസ്ഡാക്ക് കോമ്പോസിറ്റ് 5.44 പോയിന്റ് ഉയര്‍ന്ന് (0.03 ശതമാനം) 16254 ലാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് ഒഴികെ മിക്ക പ്രധാന ഏഷ്യന്‍ സൂചികകളും മികച്ച നിലയിലാണ് വ്യാപാരം നടത്തുന്നത്.

യുഎസ് ഡബ്ല്യുടിഐ എണ്ണ കരാറുകള്‍ 86.640 ഡോളറില്‍ വ്യാപാരം തുടരുന്നതിനാല്‍ ക്രൂഡോയില്‍ വിലയും ഉയര്‍ന്നു. ക്രൂഡ് ഓയില്‍ വില 0.240 ശതമാനമാണ് ഉയര്‍ന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.