ഒരു സിനിമ കാണണോ വേണ്ടയോ എന്നത് പ്രേക്ഷക സ്വാതന്ത്ര്യമാണ്

ഒരു സിനിമ കാണണോ വേണ്ടയോ എന്നത് പ്രേക്ഷക സ്വാതന്ത്ര്യമാണ്

കൊച്ചി: 'ദി കേരള സ്റ്റോറി' എന്ന സിനിമ ചില ക്രൈസ്തവ രൂപതകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വലിയ കോലാഹലമാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ പരിഹസിക്കുന്നതാണ് സിനിമയുടെ പ്രമേയമെന്നാണ് രാഷ്ട്രീയ നേതാക്കളുടെയും സാംസ്‌കാരിക നായകന്‍മാരുടെയും വിമര്‍ശനം.

മുന്‍പും ഈ സിനിമയ്‌ക്കെതിരെ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കളും അവരുടെ യുവജന സംഘടനകളും രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വിമര്‍ശനം കടുപ്പിക്കാന്‍ കാരണം പൊതു തിരഞ്ഞെടുപ്പും വോട്ട് ബാങ്കുകളുമാണെന്ന് വ്യക്തം. തിരഞ്ഞെടുപ്പ് കാലത്ത് ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം വച്ചാണ് എന്നതാണ് ഇപ്പോഴത്തെ പ്രധാന വിമര്‍ശനം.

എന്നാല്‍ തിരഞ്ഞെടുപ്പും സിനിമ പ്രദര്‍ശനവും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കത്തോലിക്കാ സഭയുടെ പ്രവര്‍ത്തന രീതി അറിയാവുന്ന ആര്‍ക്കും ബോധ്യമാകും. വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്ത് അവരുടെ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി രൂപത, ഫൊറോന, ഇടവക തലങ്ങളില്‍ പ്രത്യേക ക്ലാസുകളും ക്യാമ്പുകളും നടത്താറുണ്ട്.

അത് ഈ വര്‍ഷം തുടങ്ങിയ കാര്യമല്ല. മുന്‍ വര്‍ഷങ്ങളിലും വേനലവധി കാലത്ത് ഇത്തരം വിശ്വാസ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഈ വര്‍ഷം അതേ സമയത്ത് പൊതു തിരഞ്ഞെടുപ്പ് വന്നത് യാദൃശ്ചികം മാത്രം.

മുന്‍ വര്‍ഷങ്ങളിലൊന്നും ചെയ്യാതെ ഈ വര്‍ഷം തന്നെ ഇത്തരമൊരു സിനിമ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നതെന്തിന് എന്നൊരു ചോദ്യം അപ്പോള്‍ സ്വാഭാവികമായും ഉയരാം. ഓരോ വര്‍ഷങ്ങളിലും നടക്കുന്ന ഇത്തരം കൂടിച്ചേരലുകളില്‍ കാലിക പ്രസക്തമായ വിഷയങ്ങളില്‍ ക്ലാസുകളും ചര്‍ച്ചകളും നടക്കാറുണ്ട് എന്നതാണ് അതിനുള്ള മറുപടി.

പ്രത്യേകിച്ച് ടീനേജ് പ്രായത്തിലുള്ള കുട്ടികള്‍ക്ക് ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ച ജീവിത രീതിയില്‍ വളര്‍ന്നു വരുവാനുള്ള കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇത്തരം ക്യാമ്പുകളില്‍ നല്‍കാന്‍ ക്രൈസ്തവ സഭാ നേതൃത്വം എന്നും ശ്രദ്ധിച്ചു പോരുന്നുണ്ട്. ലോകം വിരല്‍ തുമ്പില്‍ ഒതുങ്ങുന്ന ഈ ആധുനിക ഡിജിറ്റല്‍ കാലത്ത് കുട്ടികള്‍ക്ക് നന്മയും തിന്മയും വേര്‍തിരിച്ചറിയാന്‍ ഇത്തരം ചര്‍ച്ചാ ക്ലാസുകള്‍ അനിവാര്യമാണ് താനും.


അത്തരമൊരു ചിന്താധാരയുടെ ഭാഗമായാണ് ഒളിഞ്ഞിരിക്കുന്ന പ്രണയ ചതിക്കുഴികള്‍ പ്രമേയമായുള്ള 'ദി കേരള സ്റ്റോറി' എന്ന സിനിമ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കാന്‍ ഇടുക്കി രൂപതയും തുടര്‍ന്ന് മറ്റ് ചില രൂപതകളും തീരുമാനിച്ചത്. സിനിമയുടെ പേരിലല്ല, അത് ചര്‍ച്ച ചെയ്യുന്ന വിഷയമാണ് പ്രാധാന്യം എന്ന തിരിച്ചറിവ് ഇതിനെ വിമര്‍ശിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടതാണ്.

കേരളത്തില്‍ ലൗ ജിഹാദ് ഇല്ല എന്ന് ഭരണ-പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആണയിടുമ്പോഴും അത്തരം പ്രണയക്കെണികള്‍ നാട്ടിലുണ്ടെന്ന് വിശ്വസിക്കുന്ന നല്ലൊരു ജനവിഭാഗമുണ്ട്. അനുഭവസ്ഥരായ ചില പെണ്‍കുട്ടികളും കേരളത്തിലുണ്ട്. 320 കുട്ടികളെ പ്രണയക്കെണികളില്‍ നിന്ന് രക്ഷിച്ചിട്ടുണ്ടെന്ന് താമരശേരി രൂപത ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അപ്പോള്‍ ഇത്തരം സാമൂഹ്യ തിന്മകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുന്ന ഒരു സിനിമ കത്തോലിക്ക സഭയുടെ കീഴിലുള്ള രൂപതകള്‍ അവരുടെ ടീനേജ് പ്രായത്തിലുള്ള കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു എന്നതില്‍ ആരും വല്ലാതെ ബേജാറാകേണ്ട കാര്യമില്ല. മാത്രമല്ല ഈ സിനിമ എവിടെയും നിരോധിച്ചിട്ടുമില്ല.

സിനിമ പ്രദര്‍ശനത്തെ വിമര്‍ശിച്ച് രംഗത്തു വന്ന ഇടത്-വലത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോട് ഒരു ചോദ്യം... കന്യാസ്ത്രീകളെ മോശമായി ചിത്രീകരിച്ച 'കക്കുകളി' എന്നൊരു നാടകം കേരളത്തിന്റെ തെരുവുകളില്‍ കെട്ടിയായിയിരുന്നു. അതിനെതിരെ ക്രൈസ്തവ സഭ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ കേരളത്തിലെ രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക നായകരും മൗനം പാലിക്കുകയായിരുന്നില്ലേ?.. ഇടത് യുവജന സംഘടനകള്‍ ആ വിവാദ നാടകത്തിന് പൂര്‍ണ പിന്തുണയുമായി രംഗത്തെത്തുകയായിരുന്നില്ലേ ചെയ്തത്?

നാദിര്‍ ഷാ സംവിധാനം ചെയ്ത ഈശോ എന്ന സിനിമയ്‌ക്കെതിരെ ക്രൈസ്തവ സമൂഹം പ്രതിഷേധിച്ചപ്പോഴും ഇപ്പോള്‍ കാണിക്കുന്ന ആവേശം ആരുടെ ഭാഗത്തു നിന്നും കണ്ടിരുന്നില്ല. അതെല്ലാം കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്ന വാദമാണ് പലരും ഉന്നയിച്ചത്. അതിനാല്‍ 'ദി കേരള സ്റ്റോറി' എന്ന സിനിമയും കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം തന്നെയാണ്. അത് കാണണോ വേണ്ടയോ എന്നത് പ്രേക്ഷകന്റെ സ്വാതന്ത്ര്യവുമാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.