കൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്കായുള്ള സര്‍ക്കാര്‍ കരുതലിന്റെ ഭാഗമായി കടലിലെ രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ രണ്ട് അത്യാധുനിക മറൈന്‍ ആംബുലന്‍സുകള്‍ കൂടി എത്തി. പ്രത്യാശ, കാരുണ്യ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ നിര്‍വഹിച്ചു. മീന്‍പിടിത്തത്തിനിടെയുണ്ടാകുന്ന അപകടങ്ങളില്‍ അതിവേഗ രക്ഷാപ്രവര്‍ത്തനം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ നിര്‍മിച്ചത്.
ആദ്യ ആംബുലന്‍സ് "പ്രതീക്ഷ'യുടെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ആഗസ്റ്റ് മാസം നിര്‍വഹിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ആംബുലന്‍സുകളുടെ പ്രവര്‍ത്തനം. അപകടത്തില്‍പ്പെടുന്നവര്‍ക്ക് ദുരന്തസ്ഥലത്തുതന്നെ പ്രാഥമികചികിത്സ നല്‍കിയശേഷം അതിവേഗം കരയിലെത്തിക്കാന്‍ ഇവ സഹായിക്കും.
ആംബുലന്‍സുകളില്‍ അത്യാധുനിക സംവിധാനം 23 മീറ്റര്‍ നീളവും 5.5 മീറ്റര്‍ വീതിയും മൂന്നുമീറ്റര്‍ ആഴവുമുള്ള ആംബുലന്‍സുകളില്‍ 10 പേരെ ഒരേസമയം കിടത്തിച്ചികിത്സിക്കാം. 700 എച്ച്‌പി വീതമുള്ള രണ്ട് സ്കാനിയ എന്‍ജിനുകള്‍ ഘടിപ്പിച്ച ആംബുലന്‍സുകള്‍ക്ക് പരമാവധി 14 നോട്ടിക്കല്‍ മൈല്‍ വേഗമുണ്ട്. പ്രാഥമികചികിത്സയ്ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍, 24 മണിക്കൂര്‍ പാരാ മെഡിക്കല്‍ സ്റ്റാഫിന്റെ സേവനം, പ്രത്യേക പരിശീലനം ലഭിച്ച നാല് സീ റസ്ക്യൂ സ്റ്റാഫിന്റെ സേവനം, മോര്‍ച്ചറി എന്നിവയും ഒരുക്കിയിട്ടുണ്ട്.
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനാണ് സാങ്കേതിക ജീവനക്കാരുടെ സേവനം നല്‍കുന്നത്. പദ്ധതിച്ചെലവ് 18.24 കോടി രൂപ 2018 മെയ് 31നാണ് മറൈന്‍ ആംബുലന്‍സുകളുടെ നിര്‍മാണത്തിനായി കൊച്ചി കപ്പല്‍ശാലയുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. 6.08 കോടിവീതം മൂന്ന് ബോട്ടുകള്‍ക്ക് 18.24 കോടി രൂപയാണ് അടങ്കല്‍തുക. ഓഖി പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 7.36 കോടി രൂപയും ഫിഷറീസ് വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് രണ്ടുകോടി രൂപയും അനുവദിച്ചിരുന്നു.
ഒരു ബോട്ടിന്റെ നിര്‍മാണച്ചെലവ് ബിപിസിഎലും ഒരു ബോട്ടിന്റെ പകുതി നിര്‍മാണച്ചെലവ് കൊച്ചി കപ്പല്‍ശാലയും അവരുടെ സിഎസ്‌ആര്‍ ഫണ്ടില്‍നിന്ന് അനുവദിച്ചു. ബോട്ടുനിര്‍മാണത്തിന് സാങ്കേതികോപദേശം നല്‍കിയത് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഐഎഫ്ടിയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.