സംസ്ഥാന ചലച്ചിത്ര പുരസ്‍കാര വിതരണം ഇന്ന്

സംസ്ഥാന ചലച്ചിത്ര പുരസ്‍കാര വിതരണം ഇന്ന്

തിരുവനന്തപുരം: 2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണം ഇന്ന് വൈകിട്ട് ആറിന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങ്. അവാര്‍ഡ് ജേതാക്കള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും മാത്രമായിരിക്കും പ്രവേശനം.

സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനവും പുരസ്‌കാര സമര്‍പ്പണവും നിര്‍വഹിക്കും. മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, കടന്നപ്പള്ളി രാമചന്ദ്രന്‍, എ കെ ശശീന്ദ്രന്‍, അഡ്വ. വി എസ് സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ശശി തരൂര്‍, സുരേഷ് ഗോപി, വി എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി സുരേഷ് കുമാര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, കെഎസ്‌എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി ശ്രീകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.

മലയാള ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്‌ കേരള സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്രപുരസ്‌കാരമായ ജെ സി ഡാനിയേല്‍ അവാര്‍ഡ് നല്‍കി സംവിധായകന്‍ ഹരിഹരനെ ചടങ്ങില്‍ ആദരിക്കും. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്കായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം. ജല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു മികച്ച സംവിധായകനുള്ള പുരസ്കാരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.