പത്തനംതിട്ട: തനിക്കെതിരെ ആരോപണം ഉന്നയിച്ച ദല്ലാള്‍ നന്ദകുമാറിനെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനെയും രൂക്ഷമായി വിമര്‍ശിച്ച് പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.
പരാജയ ഭീതിമൂലം കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് പറഞ്ഞ അനില്‍ നന്ദകുമാറിനെ തനിക്ക് പരിചയപ്പെടുത്തിയത് പി.ജെ കുര്യനാണെന്നും വ്യക്തമാക്കി.
'കുര്യന്റെ ആളെന്നുപറഞ്ഞാണ് നന്ദകുമാര്‍ എത്തിയത്. ആരോപണങ്ങള്‍ക്ക് പിന്നില്‍ കുര്യന്റെ ബുദ്ധിയാണ്. പി.ജെ കുര്യന്റെ പ്രമാദമായ കേസ് ഒത്തുതീര്‍പ്പാക്കിയത് നന്ദകുമാറാണ്. രാഷ്ട്രീയ കുതികാല്‍ വെട്ടിയാണ് കുര്യന്‍.
കെ കരുണാകരനെയും എ.കെ ആന്റണിയെയും ഉമ്മന്‍ ചാണ്ടിയെയും ചതിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള നന്ദകുമാര്‍. സ്വന്തം വീട്ടില്‍ മോഷണം നടത്തിയ ആളാണ്. ജഡ്ജിയെ മാറ്റണമെന്നുള്ള നടക്കാത്ത ആവശ്യവുമായാണ് അയാള്‍ കാണാന്‍ വന്നത്.
കുര്യന്റെ ശിഷ്യന്‍ ആന്റോ ആന്റണിയും കുടുംബവും നിരവധി സഹകരണ ബാങ്കുകള്‍ കൊള്ളയടിച്ചു. ഇപ്പോള്‍ ആന്റോ ആന്റണിയും പിജെ. കുര്യനും ചേര്‍ന്നാണ് നന്ദകുമാറിനെ ഇറക്കിയതെന്നും അനില്‍ പറഞ്ഞു.
ഇന്നലെയാണ് അനില്‍ ആന്റണി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ദല്ലാള്‍ ടി.ജി നന്ദകുമാര്‍ രംഗത്തെത്തിയത്. 2013 ഏപ്രിലില്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സുഹൃത്തിനെ കേരള ഹൈക്കോടതിയിലെ സിബിഐ സ്റ്റാന്‍ഡിംഗ് കോണ്‍സലായി നിയമിക്കാമെന്ന് പറഞ്ഞാണ് തന്റെ കൈയില്‍ നിന്ന് അനില്‍ പണം വാങ്ങിയത്.
പക്ഷേ കാര്യം നടന്നില്ല. എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് പണം തിരികെ ലഭിച്ചത്. പി.ടി തോമസിനും പി.ജെ. കുര്യനും ഇക്കാര്യം അറിയാം. അനില്‍ നിഷേധിച്ചാല്‍ തെളിവ് പുറത്തു വിടുമെന്നും നന്ദകുമാര്‍ പറഞ്ഞിരുന്നു.
ഈ ആരോപണങ്ങള്‍ ശരിവച്ചുകൊണ്ട് ഇന്ന് രാവിലെയാണ് പി.ജെ കുര്യന്‍ രംഗത്തെത്തിയത്. നന്ദകുമാര്‍ തന്നെവന്ന് കണ്ടിരുന്നുവെന്നും അനില്‍ ആന്റണി വാങ്ങിയ പണം തിരികെ കിട്ടാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു എന്നുമാണ് പി.ജെ കുര്യന്‍ പറഞ്ഞത്.
എന്തിന് വേണ്ടിയാണ് പണം നല്‍കിയതെന്ന് തനിക്ക് അറിയില്ലെന്നും പണം വാങ്ങിയിട്ടുണ്ടെങ്കില്‍ തിരികെ കൊടുക്കണമെന്ന് ആന്റണിയോടോ അനില്‍ ആന്റണിയോടോ അന്ന് പറഞ്ഞതായിട്ടാണ് ഓര്‍ക്കുന്നതെന്നും കുര്യന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ മുന്നണി ജയിക്കുമ്പോള്‍ അനില്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചു വരുമെന്നും അങ്ങനെയാണ് അനിലിന്റെ സ്വഭാവമെന്നും കുര്യന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.