രാഷ്ട്രീയ വേദികളില്‍ നിന്ന് നുണകള്‍ വര്‍ഷിച്ചാല്‍ ചരിത്രം മാറില്ല: മോഡിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

രാഷ്ട്രീയ വേദികളില്‍ നിന്ന് നുണകള്‍ വര്‍ഷിച്ചാല്‍ ചരിത്രം മാറില്ല: മോഡിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി

'ക്വിറ്റ് ഇന്ത്യ സമര കാലത്ത് ബ്രിട്ടീഷുകാരുമായി സഖ്യമുണ്ടാക്കിയതാരാണ്?'

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ മുസ്ലീം ലീഗിന്റെ മുദ്രയുണ്ടെന്ന നരേന്ദ്ര മോഡിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി. രാഷ്ട്രീയ വേദികളില്‍ വ്യാജ അവകാശ വാദങ്ങള്‍ എത്ര നടത്തിയാലും ചരിത്രം മാറ്റമില്ലാതെ നിലനില്‍ക്കുമെന്ന് രാഹുല്‍ പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഈ തിരഞ്ഞെടുപ്പ് രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. ഒരുഭാഗത്ത് എന്നും ഇന്ത്യയെ ഒന്നിപ്പിച്ച കോണ്‍ഗ്രസും മറുഭാഗത്ത് എല്ലായ്പ്പോഴും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുമാണ് ഉള്ളത്.

രാജ്യം വിഭജിക്കപ്പെടണമെന്ന് ആഗ്രഹിച്ച ശക്തിയുമായി കൈകോര്‍ക്കുകയും അവരെ ശക്തിപ്പെടുത്തുകയും ചെയ്തത് ആരാണെന്നതിനും രാജ്യത്തിന്റെ ഐക്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പോരാടിയവര്‍ ആരാണെന്നതിനും ചരിത്രം സാക്ഷിയാണന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

'ക്വിറ്റ് ഇന്ത്യ സമര കാലത്ത് ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നത് ആരാണ്? ഇന്ത്യന്‍ ജയിലുകള്‍ കോണ്‍ഗ്രസ് നേതാക്കളാല്‍ നിറഞ്ഞ കാലത്ത് രാജ്യത്തെ വിഭജിച്ച ശക്തികളുമായി കൂട്ടു ചേര്‍ന്ന് സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ടാക്കി ഭരിച്ചത് ആരാണ്? രാഷ്ട്രീയ വേദികളില്‍ നിന്ന് നുണകള്‍ വര്‍ഷിച്ചാല്‍ ചരിത്രം മാറില്ല'-രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ പ്രകടന പത്രികയ്ക്ക് മുസ്ലിം ലീഗിന്റെ മുദ്രയാണെന്നായിരുന്നു തിരഞ്ഞെടുപ്പ് റാലിയില്‍ മോഡിയുടെ വിമര്‍ശനം. ഇന്നത്തെ ഇന്ത്യയുടെ അഭിലാഷങ്ങളില്‍ നിന്നും പ്രതീക്ഷകളില്‍ നിന്നും കോണ്‍ഗ്രസ് പൂര്‍ണമായും അകന്നിരിക്കുകയാണെന്നും സ്വാതന്ത്ര്യ സമര കാലത്ത് മുസ്ലിം ലീഗില്‍ നില നിന്നിരുന്ന ആശയമാണ് പ്രകടന പത്രികയില്‍ പ്രതിഫലിക്കുന്നതെന്നും മോഡി ആരോപിച്ചിരുന്നു. ഇതിനാണ് രാഹുല്‍ ഗാന്ധി ചരിത്രത്തെ കൂട്ടുപിടിച്ച് മറുപടി നല്‍കിയത്.

നേരത്തേ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ജനറല്‍ സെക്രട്ടറി ജയറാം രമേശും മോഡിക്ക് മറുപടിയുമായി രംഗത്തെത്തിയിരുന്നു. മോഡിയുടെ പ്രസംഗങ്ങളില്‍ ആര്‍എസ്എസിന്റെ ദുര്‍ഗന്ധമുണ്ടെന്നും ബിജെപിയുടെ തിരഞ്ഞെടുപ്പ് ഗ്രാഫ് ഓരോ ദിവസവും താഴോട്ട് പോകുന്നതു കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നുമായിരുന്നു ഖാര്‍ഗെ പറഞ്ഞത്. മോഡിക്ക് ചരിത്രമറിയില്ലെന്നും ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്നുമായിരുന്നു ജയറാം രമേശ് പറഞ്ഞത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.