മനുഷ്യന്റെ അസ്ഥി ചേര്‍ത്തുള്ള മയക്കുമരുന്നിന് അടിമകളായി യുവാക്കള്‍; ശ്മശാനങ്ങള്‍ക്ക് സുരക്ഷ; സിയറ ലിയോണില്‍ അടിയന്തരാവസ്ഥ

മനുഷ്യന്റെ അസ്ഥി ചേര്‍ത്തുള്ള മയക്കുമരുന്നിന് അടിമകളായി യുവാക്കള്‍; ശ്മശാനങ്ങള്‍ക്ക് സുരക്ഷ; സിയറ ലിയോണില്‍ അടിയന്തരാവസ്ഥ

ഫ്രീടൗണ്‍: മാരകമയക്കുമരുന്നിന്റെ ഉപയോഗവും വില്‍പ്പനയും വ്യാപകമായതോടെ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുഷ് എന്നും സോംബി ഡ്രഗ് എന്നും വിളിപ്പേരുള്ള സൈക്കോ ആക്ടീവായ ലഹരിമരുന്നിനാണ് രാജ്യത്തെ ഭൂരിഭാഗം പേരും അടിമപ്പെടുന്നത്.

മനുഷ്യന്റെ അസ്ഥികളില്‍ നിന്നും നിര്‍മിക്കുന്ന ഈ ലഹരി ലഭിക്കാതാകുന്നതോടെ ഇത് നിര്‍മ്മിക്കാനായി ആളുകള്‍ കുഴിമാടങ്ങള്‍ പോലും തുരന്ന് ശവശരീരങ്ങള്‍ പുറത്തേക്ക് വലിച്ചിടുന്നു എന്നാണ് ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനെ തുടര്‍ന്നാണ് രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

ആറ് വര്‍ഷം മുമ്പ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ ലഹരിമരുന്ന് ആദ്യമായി നിര്‍മ്മിക്കപ്പെടുന്നത്. മനുഷ്യന്റെ അസ്ഥി പൊടിച്ച് അതിനൊപ്പം മാരകമായ രാസ പദാര്‍ഥങ്ങളും ചേര്‍ത്താണ് ലഹരി നിര്‍മിക്കുന്നത്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഉന്മാദാവസ്ഥ ഉണ്ടാക്കാന്‍ ഈ ലഹരിക്ക് സാധിക്കും. ഇത്തരത്തില്‍ ലഹരി നിര്‍മിക്കാനായി ആയിരക്കണക്കിന് ശവക്കല്ലറകളാണ് രാജ്യത്ത് തകര്‍ക്കപ്പെട്ടത്.

ശവക്കല്ലറകള്‍ തകര്‍ക്കപ്പെടുന്നത് സ്ഥിരമായതോടെ രാജ്യത്തെ മിക്ക സെമിത്തേരികള്‍ക്കും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണകൂടം. കുഷിന് അടിമകളായവര്‍ സോംബികളെപ്പോലെ തെരുവുകളിലൂടെ നീങ്ങുന്ന കാഴ്ചകള്‍ ഇതിന് മുന്‍പ് വന്‍തോതില്‍ പ്രചരിച്ചിരുന്നു.

വിനാശകരമായ സിന്തറ്റിക് ലഹരികള്‍ അടക്കമുള്ള ലഹരിവസ്തുക്കളുടെ ദുരുപയോഗം മൂലം രാജ്യം വിനാശകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന് സിയറ ലിയോണ്‍ പ്രസിഡന്റ് ജൂലിയസ് മാഡ ബയോ പറഞ്ഞു. ലഹരി ഉപയോഗം മൂലം നിരവധി മരണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എത്രപേര്‍ കുഷ് ഉപയോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിട്ടുണ്ട് എന്നതിന് ഔദ്യോഗിക കണക്കുകള്‍ ഒന്നും തന്നെ ലഭ്യമല്ല. അതേസമയം 2020 നും 2023 നും ഇടയില്‍ ലഹരി ഉപയോഗത്തെ തുടര്‍ന്ന് നൂറുകണക്കിന് യുവാക്കള്‍ മരിച്ചുവെന്നാണ് ഫ്രീടൗണില്‍ നിന്നുള്ള ഒരു ഡോക്ടര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.

രാജ്യത്തെ ലഹരി മരുന്ന് ഉപയോഗത്തിനെതിരെ പോരാടാനും ലഹരിമരുന്ന് ശൃംഘലകളെ തകര്‍ക്കാനും ശക്തമായ നടപടി സ്വീകരിക്കാനും ടാസ്‌ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ലഹരിക്ക് അടിമപ്പെട്ടവര്‍ക്കായി പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കാനും നിര്‍ദേശമുണ്ട്. എല്ലാ ജില്ലയിലും ഇതിനായി പരിശീലനം ലഭിച്ച വ്യക്തികളുടെ സേവനം ലഭ്യമായിരിക്കും. നിലവില്‍ ഫ്രീടൗണിലാണ് 100 കിടക്കകളുള്ള രാജ്യത്തെ ഏക ലഹരിമരുന്ന് പുനരധിവാസ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.