റിസോര്‍ട്ടിലെ ലഹരിപ്പാര്‍ട്ടി; പി.വി അന്‍വറിനെ കേസില്‍ നിന്ന് ഒഴിവാക്കിയത് പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

 റിസോര്‍ട്ടിലെ ലഹരിപ്പാര്‍ട്ടി; പി.വി അന്‍വറിനെ കേസില്‍ നിന്ന് ഒഴിവാക്കിയത് പരിശോധിക്കാന്‍ ഹൈക്കോടതി  നിര്‍ദേശം

കൊച്ചി: പി.വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ നടന്ന ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ നിന്നും അന്‍വറിനെ ഒഴിവാക്കിയതില്‍ ഹൈക്കോടതി ഇടപെടല്‍.

അന്‍വറിനെ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള പരാതി പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറിക്ക് കോടതി നിര്‍ദേശം നല്‍കി. പരാതി പരിശോധിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. മലപ്പുറം സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകനാണ് പരാതി നല്‍കിയത്.

ആലുവ മനയ്ക്കപ്പടിയിലുള്ള റിസോര്‍ട്ടില്‍ ലഹരിപ്പാര്‍ട്ടിക്കായി സൂക്ഷിച്ചിരുന്ന മദ്യം പിടികൂടിയ കേസിലാണ് കോടതി ഇടപെടല്‍. ഉടമയായ അന്‍വറിനെ ഒഴിവാക്കിയായിരുന്നു എക്സൈസ് കേസ് എടുത്തത്. ഇതിനെതിരായി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.

2018 ലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. റിസോര്‍ട്ടില്‍ ലൈസന്‍സ് ഇല്ലാതെ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്ന് എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

റിസോര്‍ട്ട് ഉടമയായ അന്‍വറിനെ ഒഴിവാക്കിയായിരുന്നു എക്സൈസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് ചോദ്യം ചെയ്തുള്ള പരാതി പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറി തയ്യാറായിരുന്നില്ല. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്. രാഷ്ട്രീയ സ്വാധീനത്താലാണ് അന്‍വറിനെ കേസില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് പരാതിയില്‍ ഉന്നയിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.