എം. സ്വരാജിന്റെ ഹര്‍ജി തള്ളി; കെ. ബാബുവിന് എംഎല്‍എയായി തുടരാമെന്ന് ഹൈക്കോടതി

എം. സ്വരാജിന്റെ ഹര്‍ജി തള്ളി; കെ. ബാബുവിന് എംഎല്‍എയായി തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ. ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഎമ്മിലെ എം. സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ബാബുവിന് എം.എല്‍.എയായി തുടരാമെന്ന് ജസ്റ്റിസ് പി.ജി അജിത് കുമാര്‍ വിധി പ്രസ്താവിച്ചു.

കെ. ബാബു വോട്ടര്‍മാര്‍ക്ക് നല്‍കിയ സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചതടക്കം ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ട് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. പ്രചാരണത്തിലും അയ്യപ്പനെയും മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തെന്നും സ്വരാജ് ആരോപിച്ചിരുന്നു.

എം. സ്വരാജിന്റെ ഹര്‍ജി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ. ബാബു നേരത്തേ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തള്ളിയിരുന്നു. സ്വരാജിന്റെ ഹര്‍ജി നിലനില്‍ക്കുമെന്നും ഹൈക്കോടതിയിലുള്ള ഹര്‍ജിയില്‍ നടപടികള്‍ തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജിയില്‍ അന്തിമ വാദം നടന്നത്. 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2021 ല്‍ കെ. ബാബു തിരഞ്ഞെടുക്കപ്പെട്ടത്.

25 വര്‍ഷം ബാബു തുടര്‍ച്ചയായി വിജയിച്ച മണ്ഡലമാണ് തൃപ്പൂണിത്തുറ. ബാര്‍ കോഴ വിവാദം ആഞ്ഞടിച്ച 2016 ലെ തിരഞ്ഞെടുപ്പില്‍ സ്വരാജ് 4471 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രിയായിരുന്നു കെ.ബാബു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.