കൊച്ചി: കണ്‍സ്യൂമര്‍ ഫെഡിന്റെ 256 വിഷു ചന്തകള്‍ ഇന്ന് തുറക്കും. ചന്തകള്‍ വഴി 13 ഇനം സബ്‌സിഡി സാധനങ്ങള്‍ ലഭിക്കും. ഈ മാസം 19 വരെ പ്രവര്‍ത്തിക്കുന്ന ചന്തയില്‍ നിന്നും എല്ലാ കാര്‍ഡുകാര്‍ക്കും സാധനങ്ങള്‍ വാങ്ങാം.
ഹൈക്കോടതി അനുമതിയോടെയാണ് ചന്തകള്‍ തുറക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാരിന് റംസാന്‍-വിഷു ചന്തകള്‍ നടത്തുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയെ സമീപച്ചതോടെയാണ് ഇന്നലെ അനുകൂല തീരുമാനം ഉണ്ടായത്.
പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമിഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. നിത്യോപയോഗ സാധനങ്ങള്‍ കുറഞ്ഞനിരക്കില്‍ നല്‍കി സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്നതിനെ തടയരുതെന്ന് നിര്‍ദ്ദേശിച്ചായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.
സബ്‌സിഡിക്കായി സര്‍ക്കാര്‍ നീക്കിവച്ച അഞ്ച് കോടി രൂപ തിരഞ്ഞെടുപ്പ് കഴിയും വരെ അനുവദിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വിഷു ചന്തയെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്. രാഷ്ടീയ നേട്ടത്തിനായി ദുരുപയോഗം ചെയ്താല്‍ കമിഷന് ഇടപെടാം. സര്‍ക്കാര്‍ സബ്സിഡിയോടെ ഈ ഘട്ടത്തില്‍ ചന്തകള്‍ തുടങ്ങുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി അഡ്വ. ദീപുലാല്‍ മോഹന്‍ വാദിച്ചു. എന്നാല്‍ റംസാന്‍-വിഷു ചന്തകള്‍ തുടങ്ങാന്‍ ഫ്രെബുവരി 16 ന് തീരുമാനമെടുത്തിരുന്നെന്നും ഇതിനായി അഞ്ച് കോടി രൂപ നേരത്തേ വകയിരുത്തിയെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം.
സര്‍ക്കാര്‍ സബ്‌സിഡിയോടെ റംസാന്‍-വിഷു ചന്ത തുറക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തേ തടഞ്ഞത്. 179 ത്രിവേണി സ്റ്റോറുകളിലും 77 താലൂക്കുകളിലെ ഓരോ പ്രധാന സഹകരണ സംഘങ്ങളിലുമാണ് ആദ്യം ചന്ത തുടങ്ങുന്നത്. സപ്ലൈകോയിലെ സബ്സിഡി നിരക്കിലാണ് വിഷു ചന്തകളിലും വില്‍ക്കുക. കൂടാതെ ത്രിവേണി സ്റ്റോറുകളിലുള്ള മറ്റ് സാധനങ്ങളും പത്ത് മുതല്‍ മുപ്പത് ശതമാനം വിലക്കുറവില്‍ ലഭിക്കും.
സബ്സിഡി സാധനങ്ങള്‍ സ്റ്റോക്കുണ്ടെന്ന് കണ്‍സ്യൂമര്‍ഫെഡ് എം.ഡി എം. സലീം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പു തന്നെ ഇ ടെന്‍ഡര്‍ വഴി 17 കോടിയുടെ സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിരുന്നു.
13 സബ്‌സിഡി സാധനങ്ങള്‍:
ചെറുപയര്‍
ഉഴുന്ന്
കടല
വെള്ളപ്പയര്‍
പരിപ്പ്
മുളക്
മല്ലി
പഞ്ചസാര
വെളിച്ചെണ്ണ
ജയ അരി
മട്ട അരി
പച്ചരി
കുറുവ അരി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.