ഗുണനിലവാര പരിശോധന പരാജയം: ബോണ്‍വിറ്റ 'ഹെല്‍ത്ത് ഡ്രിങ്ക്' അല്ല; നടപടിയ്ക്ക് നിര്‍ദേശിച്ച് കേന്ദ്രം

ഗുണനിലവാര പരിശോധന പരാജയം: ബോണ്‍വിറ്റ 'ഹെല്‍ത്ത് ഡ്രിങ്ക്' അല്ല; നടപടിയ്ക്ക് നിര്‍ദേശിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ബോണ്‍വിറ്റ 'ഹെല്‍ത്ത് ഡ്രിങ്ക്‌സ്' വിഭാഗത്തില്‍പ്പെട്ടതല്ലെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. ഹെല്‍ത്ത് ഡ്രിങ്ക്‌സ് വിഭാഗത്തില്‍ നിന്നും ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള എല്ലാ പാനീയങ്ങളെയും നീക്കം ചെയ്യാന്‍ ഇ കോമേഴ്സ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് വാണിജ്യ വ്യവസായ മന്ത്രാലയം. ഹെല്‍ത്ത് ഡ്രിങ്കിന് കീഴില്‍ വരുന്ന ഉല്‍പ്പന്നമല്ല ബോണ്‍വിറ്റ എന്ന കണ്ടെത്തലിന് പിന്നാലെയാണ് തീരുമാനം.

2005 ലെ ബാലാവകാശ സംരക്ഷണ കമീഷന്‍ (CPCR) ആക്ട് സെക്ഷന്‍ 14 പ്രകാരം രൂപീകരിച്ച നിയമപരമായ ബോഡിയായ നാഷണല്‍ കമീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് തീരുമാനം.

ഹെല്‍ത്ത് ഡ്രിങ്ക് വിഭാഗത്തിന് കീഴില്‍ ഇ-കൊമേഴ്സ് വെബ്സൈറ്റുകളില്‍ വില്‍ക്കുന്ന പാല്‍ അടങ്ങിയ പാനീയ മിശ്രിതം, ധാന്യ അധിഷ്ഠിത പാനീയ മിശ്രിതം, മാള്‍ട്ട് അധിഷ്ഠിത പാനീയം എന്നിവയില്‍ ഗുണനിലവാരമില്ലാത്ത പദാര്‍ത്ഥങ്ങളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നടപടി.

ഹെല്‍ത്ത് ഡ്രിങ്ക് എന്ന പദം 2006 ലെ എഫ്എസ്എസ് ആക്ട് പ്രകാരമോ അതിന് കീഴിലുള്ള നിയമങ്ങളും ചട്ടങ്ങളും പ്രകാരം നിര്‍വചിക്കപ്പെടുകയോ മാനദണ്ഡമാക്കുകയോ ചെയ്തിട്ടില്ലെന്ന് എഫ്എസ്എസ്എഐ വ്യക്തമാക്കി. അതിനാല്‍ എഫ്എസ്എസ്‌ഐ എല്ലാ ഇ കോമേഴ്സ് കമ്പനികളോടും അവരുടെ വെബ്‌സൈറ്റുകളിലെ ഹെല്‍ത്ത് ഡ്രിങ്ക്‌സ് /എനര്‍ജി ഡ്രിങ്ക്‌സ് എന്നീ വിഭാഗങ്ങളില്‍ നിന്ന് ബോണ്‍വിറ്റ ഉള്‍പ്പെടെയുള്ള പാനീയങ്ങളെ ഡി-ലിങ്ക് ചെയ്ത്, ഉചിതമായ വിഭാഗത്തില്‍ ഉള്‍പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു.

ഉല്‍പന്നങ്ങളുടെ സ്വഭാവവും സവിശേഷതകളും സംബന്ധിച്ച് വ്യക്തതയും സുതാര്യതയും വര്‍ധിപ്പിക്കാനും ഉപയോക്താക്കളെ തെറ്റിധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കാതെ സാധനങ്ങള്‍ വിപണിയില്‍ എത്തുക എന്നതാണ് ഇത്തരം നടപടികളിലൂടെ ലക്ഷ്യമിടുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.