ഇന്ധനവില കുറയ്ക്കും; 70 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ച് ലക്ഷം വരെ സൗജന്യ ചികിത്സ നല്‍കും: പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ഇന്ധനവില കുറയ്ക്കും; 70 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ച് ലക്ഷം വരെ സൗജന്യ ചികിത്സ നല്‍കും: പ്രകടന പത്രിക പുറത്തിറക്കി ബിജെപി

ന്യൂഡല്‍ഹി: മോഡിയുടെ ഗ്യാരണ്ടി എന്ന ആശയത്തില്‍ ഊന്നി ബിജെപി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി.

ലോക്സഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ സ്ത്രീകള്‍, യുവജനങ്ങള്‍, ദരിദ്ര ജനവിഭാഗങ്ങള്‍ എന്നിവയുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.

ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നെഡ്ഡ, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, നിര്‍മല സീതാരാമന്‍, എസ് ജയ്ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.

വനിതാ സംവരണ നിയമം, പുതിയ ക്രിമിനല്‍ നിയമം എന്നിവ നടപ്പാക്കും. ബുള്ളറ്റ് ട്രെയിനുകളും കൂടുതല്‍ വന്ദേഭാരത് ട്രെയിനുകളും കൊണ്ടു വരും. ഇന്ത്യയെ രാജ്യാന്തര നിര്‍മാണ ഹബ്ബാക്കി മാറ്റും. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്തു.

ഏക സിവില്‍ കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പാക്കും. 70 വയസ് കഴിഞ്ഞവര്‍ക്ക് അഞ്ച് ലക്ഷം വരെ സൗജന്യ ചികിത്സ നല്‍കും. എല്ലാ വീടുകളിലും പാചക വാതകം പൈപ്പ് ലൈന്‍ വഴി നല്‍കും. ലോകമാകെ രാജ്യാന്തര രാമായണ ഉത്സവം നടത്തും

മോഡിയുടെ ഗ്യാരണ്ടി എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് പ്രകടന പത്രികയ്ക്ക് രൂപം നല്‍കിയതെന്ന് രാജ്നാഥ് സിങ് പറഞ്ഞു. 14 ഭാഗങ്ങളുള്ള പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി 15 ലക്ഷം അഭിപ്രായങ്ങളാണ് ലഭിച്ചതെന്നും അദേഹം പറഞ്ഞു.

ഇന്ത്യയെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് പറയുന്ന പ്രകടന പത്രികയില്‍ റേഷന്‍, വെള്ളം എന്നിവ അടുത്ത അഞ്ച് വര്‍ഷം സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്നു.

സമ്പൂര്‍ണ രാഷ്ട്ര വികസനത്തിനുള്ള രേഖയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഗ്യാരണ്ടി എന്ന നിലയില്‍ നടപ്പാക്കിയതായും മോഡി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.