ആക്രമണത്തെ അപലപിച്ച് യു.എന്നും ഇന്ത്യ, യു.എസ്, യു.കെ, ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും രംഗത്ത്.
ന്യൂഡല്‍ഹി: ഇറാന്‍ വീണ്ടും സൈനിക നീക്കം നടത്തുമെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്ന്  ഇസ്രയേലിനെ സഹായിക്കാന്‍ അമേരിക്ക യുദ്ധക്കപ്പലുകള്‍ അയച്ചു.
മേഖലയിലെ ഇസ്രയേലി, അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളെ സംരക്ഷിക്കാനാണ് യു.എസ് സൈനിക സഹായങ്ങള്‍ അയച്ചത്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് രണ്ട് യുദ്ധക്കപ്പലുകളാണ് യു.എസ് നാവിക സേന അയച്ചതെന്ന് നേവി ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 
നിലവില്‍ ചെങ്കടലിലുള്ള എസ്.എസ് കാര്‍നിയാണ് അമേരിക്ക അയച്ച ഒരു യുദ്ധക്കപ്പല്‍. ഹൂതികളുടെ ഡ്രോണ്‍ ആക്രമണവും കപ്പല്‍വേധ മിസൈലുകളും പ്രതിരോധിക്കുന്ന വ്യോമ ദൗത്യമാണ് ചെങ്കടലില്‍ കാര്‍നിക്കുള്ളത്.
ആക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കണമെന്ന മുന്നറിയിപ്പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍  ഇസ്രയേലിന് നല്‍കിയിട്ടുണ്ട്. ഇസ്രയേലിനെ ഒരു കാരണവശാലും ആക്രമിക്കരുതെന്ന് ഇറാനോടും അമേരിക്ക നിര്‍ദേശിച്ചിട്ടുണ്ട്.
ഇറാന്റെ ഭീഷണികള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.  യുദ്ധം ആസന്നമായ സാഹചര്യത്തില്‍ പൗരന്‍മാര്‍ക്ക് ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം ഇറാന്റെ നീക്കം നിയമപരമായ സ്വയം പ്രതിരോധമാണന്ന്  പ്രസിഡന്റ് ഇബ്രാഹിം റൈസി പറഞ്ഞു. എന്നാല്‍  ആക്രമണത്തെ അപലപിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവര്‍ രംഗത്തെത്തി. ഇസ്രയേലിന്റെ സുരക്ഷയ്ക്കായി നിലകൊള്ളുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു.
റഷ്യന്‍ സൂപ്പര്‍സോണിക് മിസൈല്‍ വാഹിനി മെഡിറ്ററേനിയന്‍ കടലിലേക്ക് പ്രവേശിച്ചെന്നും എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നുമാണ് പാക്കിസ്ഥാന്റെ പ്രതികരണം. 
അതിനിടെ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് എംബസി ജാഗ്രത നിര്‍ദേശം നല്‍കി. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് എംബസിയുടെ നിര്‍ദേശം. ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഫോം നല്‍കി. 
 ഇന്ത്യന്‍ യാത്രക്കാര്‍ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് അറിയിപ്പ്.
മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങളെന്ന് വിദേശകാര്യ മന്ത്രാലയം  പറഞ്ഞു. സംഘര്‍ഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് സാഹചര്യം ഒരുക്കണമെന്നും അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും ഇന്ത്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 
ഏപ്രില്‍ ഒന്നിന് ഡമാസ്‌കസിലെ ഇറാന്റെ നയതന്ത്ര കാര്യാലയത്തില്‍ വ്യോമാക്രമണം നടത്തി രണ്ട് ജനറല്‍മാരുള്‍പ്പെടെ 12 പേരെ ഇസ്രയേല്‍ വധിച്ചിരുന്നു. ഇതിനു പകരം വീട്ടുമെന്ന് ഇറാനും അങ്ങനെ സംഭവിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേലും വ്യക്തമാക്കിയതോടെയാണ് സംഘര്‍ഷം അതിരു കടന്നത്. 
ഇറാനുമായി സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടെ വടക്കന്‍, മധ്യ ഗാസയിലെ ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ സേന ആക്രമണം ശക്തമാക്കി. മധ്യ ഗാസയിലെ നുസീറത്തിലെ അഭയാര്‍ഥി ക്യാമ്പില്‍ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.