സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ പതിനായിരങ്ങളെ അണിനിരത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. സുല്‍ത്താന്‍ ബത്തേരിയിലാണ് രാഹുലിന്റെ റോഡ് ഷോ. റോഡരികില്‍ രാഹുലിനെ കാണാന്‍ വന്‍ ജനാവലിയാണ് തടിച്ചു കൂടിയിരുന്നത്. പ്രവര്‍ത്തകരെ രാഹുല്‍ ഗാന്ധി അഭിവാദ്യം ചെയ്തു.
രാഹുലിന്റെ പ്രചാരണ വാഹനത്തില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയും ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്ലക്കാര്‍ഡുകളും ബലൂണുകളും പിടിച്ചു കൊണ്ടായിരുന്നു പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്ക് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത്. അതേസമയം പാര്‍ട്ടി പതാകകള്‍ ഒന്നും ഉണ്ടായിരുന്നില്ല. രാഹുലിന്റെ കഴിഞ്ഞ റോഡ് ഷോയിലും കൊടി ഒഴിവാക്കിയത് വന്‍ ചര്‍ച്ചയായിരുന്നു.
തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ താളൂരില്‍ തോട്ടം മേഖലയിലെ തൊഴിലാളികളുമായി സംവദിച്ച രാഹുല്‍ പൊതുപരിപാടിയിലും പങ്കെടുത്ത ശേഷമാണ് വയനാട്ടിലെത്തിയത്. ബത്തേരി അസംപ്ഷന്‍ ജങ്ഷന്‍ മുതല്‍ കോട്ടക്കുന്ന് വരെയായിരുന്നു റോഡ് ഷോ. ബത്തേരിക്കു പിന്നാലെ, പുല്‍പ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും.
ഉച്ചകഴിഞ്ഞ് മാനന്തവാടി രൂപതാ ആസ്ഥാനത്തെത്തി ബിഷപ്പുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും. വൈകുന്നേരം കോഴിക്കോട് നടക്കുന്ന സമ്മേളനത്തിലും പങ്കെടുക്കും. നേരത്തെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് രാഹുല്‍ ഗാന്ധി എത്തിയപ്പോഴും റോഡ് ഷോ നടത്തിയിരുന്നു.
മൈസുരുവില്‍ നിന്ന് രാഹുല്‍ ഗാന്ധി ഹെലികോപ്ടറില്‍ നീലഗിരിയില്‍ ഇറങ്ങിയതിന് പിന്നാലെ അവിടെ കാത്തുനിന്ന തിരഞ്ഞെടുപ്പ് ഫ്‌ളൈങ് സ്‌ക്വാഡ് ഹെലികോപ്റ്ററില്‍ പരിശോധന നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.