ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഉടന്‍ ജയില്‍ മോചനമില്ല. അറസ്റ്റ് ചോദ്യം ചെയ്ത് കെജരിവാള്‍ നല്‍കിയ ഹര്‍ജി വാദം കേള്‍ക്കുന്നത് സുപ്രീം കോടതി ഏപ്രില്‍ 29 ലേക്ക് മാറ്റി.
അതേസമയം കെജരിവാളിന്റെ ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതി ഇ.ഡിക്ക് നോട്ടീസ് നല്‍കി.
കേസിനെപ്പറ്റി കോടതിക്ക് ബോധ്യമുണ്ടെന്നും ഏപ്രില്‍ 24 നകം നോട്ടീസിന് മറുപടി നല്‍കണമെന്നും സുപ്രീം കോടതി ഇ.ഡിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
മദ്യനയ കേസില്‍ മാര്‍ച്ച് 21 നാണ് കെജരിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ തന്റെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന കെജരിവാളിന്റ വാദം ഡല്‍ഡി ഹൈക്കോടതി തള്ളിയിരുന്നു.
കുറ്റകൃത്യത്തിലും ഗൂഢാലോചനയിലും കെജരിവാള്‍ ഉള്‍പ്പെട്ടതായി വ്യക്തമാക്കുന്ന തെളിവുകള്‍ ഇ.ഡി. ശേഖരിച്ചിട്ടുണ്ട് എന്നായിരുന്നു ഹര്‍ജി തള്ളിക്കൊണ്ട് ഡല്‍ഹി ഹൈക്കോടതി അന്ന് വ്യക്തമാക്കിയത്.
ഗോവ തിരഞ്ഞെടുപ്പിന് കെജരിവാളിന് പണം നല്‍കിയെന്ന് വ്യക്തമാക്കുന്ന മതിയായ തെളിവുകളും ആം ആദ്മി പാര്‍ട്ടിയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയുടെ മൊഴിയും ഇ.ഡിക്ക് ഹാജരാക്കാന്‍ കഴിഞ്ഞതായി കോടതി അന്ന് വ്യക്തമാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ കെജരിവാളിന്റെ അറസ്റ്റും തുടര്‍ന്നുള്ള റിമാന്‍ഡും ശരി വെച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.