നോര്‍ക്ക അറ്റസ്റ്റേഷന്‍: ഹോളോഗ്രാം, ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി നവീകരിക്കും

നോര്‍ക്ക അറ്റസ്റ്റേഷന്‍: ഹോളോഗ്രാം, ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി നവീകരിക്കും

തിരുവനന്തപുരം: വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങള്‍ ഹോളോഗ്രാം, ക്യൂആര്‍ കോഡ് എന്നീ സുരക്ഷാ മാര്‍ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി നവീകരിക്കാന്‍ നോര്‍ക്ക റൂട്ട്‌സ് തീരുമാനം. പുതിയ സുരക്ഷാ ക്രമീകരണത്തോടെയുള്ള അറ്റസ്റ്റേഷന്‍ നടപടികള്‍ ഏപ്രില്‍ 29 മുതല്‍ നിലവില്‍ വരും.

ഇതോടെ സര്‍ട്ടിഫിക്കറ്റുകളിന്‍ മേലുള്ള നോര്‍ക്ക റൂട്ട്‌സ് അറ്റസ്റ്റേഷന്റെ സാധുത ക്യൂആര്‍ കോഡ് റീഡറിന്റെ സഹായത്തോടെ പരിശോധിക്കാന്‍ കഴിയും. പുതുക്കിയ അറ്റസ്റ്റേഷന്‍ സ്റ്റാമ്പിങിന്റെ മാതൃകയുടെ പ്രകാശനം നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.

രാജ്യത്ത് ആദ്യമായാണ് അറ്റസ്റ്റേഷന്‍ നടപടിക്രമങ്ങളില്‍ ഇത്തരത്തില്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുന്നതെന്നും ഇത് നോര്‍ക്ക അറ്റസ്റ്റേഷന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുമെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി വ്യക്തമാക്കി.

നോര്‍ക്ക റൂട്ട്‌സിലെ ഓതന്റിക്കേഷന്‍ ഉദ്യോഗസ്ഥരുടെ ഒപ്പും സീലും വ്യാജമായി നിര്‍മിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളില്‍ കൃത്രിമം കാണിക്കുന്ന തരത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ നടക്കുന്ന തായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് പുത്തന്‍ സാങ്കേതിക വിദ്യയിലൂടെ അറ്റസ്റ്റേഷന്‍ സ്റ്റാമ്പിങ് കൂടുതല്‍ സുരക്ഷിതമാക്കാന്‍ നോര്‍ക്ക റൂട്ട്‌സ് നിര്‍ബന്ധിതമായത്.

നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ തിരുവനന്തപുരം സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ ഓഫീസര്‍ സുനില്‍ കെ ബാബു, സെന്റര്‍ മാനേജര്‍ സഫറുള്ള, അസിസ്റ്റന്റ് മാനേജര്‍ ജെന്‍സി ജോസി, മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.