യുഎഇയിൽ വെള്ളക്കെട്ട് തുടരുന്നു; യാത്രക്കാർക്ക് തിരിച്ചടി; കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി

യുഎഇയിൽ വെള്ളക്കെട്ട് തുടരുന്നു; യാത്രക്കാർക്ക് തിരിച്ചടി; കൊച്ചിയിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി

ദുബായ്: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ യുഎഇയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ദുബായ്, അൽ ഐൻ, ഫുജൈറ ഉൾപ്പടെയുള്ള മേഖലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. റൺവേകളിൽ വെള്ളക്കെട്ടുണ്ടായതോടെ വ്യോമ ​ഗതാ​ഗതം താറുമാറായി. ദുബായിൽ നിന്ന് പുറപ്പെടാനിരുന്ന ഒൻപത് വിമാനങ്ങളും ദുബായിലേക്ക് വരാനിരുന്ന എട്ട് വിമാന സർവീസുകളും റദ്ദാക്കി. കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സർവീസുകളാണ് റദ്ദാക്കിയത്.

ദുബായിലേക്ക് വരുന്ന മുഴുവൻ വിമാനങ്ങളും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ സമീപ വിമാത്താവളങ്ങളിലേക്ക് വഴിതിരിച്ച് വിടും. അത്യാവശ്യ കാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് അധികൃതരുടെ മുന്നറിയിപ്പ്. പലയിടങ്ങളിലും റോഡ് ഗതാഗതം പൂർണമായും തടസപ്പെട്ടു. റോഡുകളിൽ വെളളം നിറഞ്ഞ സാഹചര്യത്തിൽ ദുബായ് മെട്രോ നാളെ രാവിലെ മൂന്ന് മണിവരെ സർവീസ് നടത്തും. മഴയ്‌ക്ക് പുറമേ കൊടുങ്കാറ്റും ഭീഷണിയാകുന്നുണ്ട്. ബുധനാഴ്ച വരെ മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണ് പ്രവചനം.

വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് അകലെയുള്ളതും സുരക്ഷിതവും ഉയർന്നതുമായ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അതോറിറ്റി നിർദേശം നൽകി. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ എല്ലാം ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. സർക്കാർ ജീവനക്കാരോട് ഇന്നും വർക്ക് ഫ്രം ഹോമിൽ തുടരാൻ നിർദേശിച്ചിട്ടുണ്ട്. രണ്ട് മാസത്തിനിടെ ഇത് രണ്ടാമത്തെ ജാഗ്രതാ നിർദേശമാണ് അധികൃതർ നൽകുന്നത്. മാർച്ചിലും യുഎഇയിലുള്ളവരോട് താമസ സ്ഥലത്ത് തന്നെ തുടരാൻ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരുന്നു.

കഴിഞ്ഞ 75 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് യുഎഇയിൽ ഇന്നലെ രേഖപ്പെടുത്തിയത്. മഴയിൽ വ്യാപക നാശ നഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കെട്ടിടങ്ങൾക്ക് നാശനഷ്ടം നേരിട്ടു. മേൽക്കൂര തകർന്ന് ബഹുനിലകെട്ടിങ്ങളിൽ വരെ ചോർന്നൊലിച്ചു. വെള്ളക്കെട്ടിൽ കുടുങ്ങി നൂറുകണക്കിന് വാഹനങ്ങൾക്കാണ് നാശനഷ്ടം നേരിട്ടത്.

ഇന്ന് വടക്ക് കിഴക്കൻ എമിറേറ്റുകളിൽ മഴ തുടരും. ഉച്ചയോടെ മഴ ശമിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഗൾഫ് മേഖലയിൽ രൂപം കൊണ്ട ന്യൂനമർദത്തിന്റെ ഫലമായി യുഎഇയിക്ക് പുറമേ ഒമാൻ, ബഹ്റൈൻ, ഖത്തർ, സൗദി എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.