പ്രവാസികള്‍ക്കായി വമ്പന്‍ ശുപാര്‍ശകള്‍... വിദേശത്ത് സംവരണ മണ്ഡലം, ഇന്ത്യാ ഹൗസുകള്‍, ജനസൗഹൃദ എംബസികള്‍

 പ്രവാസികള്‍ക്കായി വമ്പന്‍ ശുപാര്‍ശകള്‍... വിദേശത്ത് സംവരണ മണ്ഡലം,  ഇന്ത്യാ ഹൗസുകള്‍, ജനസൗഹൃദ എംബസികള്‍

തിരുവനന്തപുരം : പ്രവാസി ഇന്ത്യക്കാര്‍ക്കായി വിദേശത്ത് സംവരണ മണ്ഡലത്തിന് ശുപാര്‍ശ. ജനപ്രാതിനിധ്യ സഭകളില്‍ പ്രവാസികള്‍ക്കായി പ്രത്യേക സംവരണ മണ്ഡലം വേണമെന്ന് സി.വി ആനന്ദബോസ് കമ്മിഷനാണ് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

ഓരോ രാജ്യത്തുമുള്ള പ്രവാസികള്‍ക്ക് അവരുടെതന്നെ പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിന് വെര്‍ച്വല്‍ മണ്ഡലങ്ങളാണ് കമ്മിഷന്‍ ലക്ഷ്യമിടുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ ലോക്‌സഭയില്‍ വരെ തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുത്ത് അയക്കുന്നതിന് പ്രവാസികള്‍ക്ക് അവസരം നല്‍കുന്നതാണ് കമ്മിഷന്റെ ശുപാര്‍ശ.

പ്രവാസികള്‍ കൂടുതലുള്ള രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് സഹായം നല്‍കാനും താത്കാലിക താമസ സൗകര്യമൊരുക്കാനും ഇന്ത്യാ ഹൗസുകള്‍ തുറക്കണം. എംബസികള്‍ ജനസൗഹൃദമാക്കണം. ലോക്ഡൗണില്‍ തൊഴില്‍ നഷ്ടമായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ആറുമാസത്തെ ഉപജീവന ബത്ത നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു.

പ്രവാസികള്‍, അതിഥി തൊഴിലാളികള്‍, കരാര്‍ തൊഴിലാളികള്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി കേന്ദ്ര സര്‍ക്കാരാണ് സി.വി. ആനന്ദബോസിനെ ഏകാംഗ കമ്മിഷനായി നിയോഗിച്ചത്. കോവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമായി നാട്ടിലേക്ക് മടങ്ങേണ്ടിവന്ന സാഹചര്യത്തില്‍ നിയോഗിച്ച കമ്മിഷന്റെ കരട് റിപ്പോര്‍ട്ട് തൊഴില്‍ മന്ത്രാലയത്തിന് കൈമാറി.

കരാര്‍ തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് അധിഷ്ഠിത പെന്‍ഷന്‍ നടപ്പാക്കണമെന്നതടക്കമുള്ള ശുപാര്‍ശകളും കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. പ്രീമിയത്തില്‍ മൂന്നിലൊന്ന് തൊഴിലാളിയും ബാക്കി തൊഴില്‍ ദാതാവും സര്‍ക്കാരും തുല്യമായി നല്‍കുന്നരീതിയില്‍ പെന്‍ഷന്‍ നടപ്പാക്കാനാകണം.

ഇ.എസ്‌.എ പോലുള്ള ആരോഗ്യ പരിപാലന പദ്ധതികള്‍ അസംഘടിത മേഖലയിലും നടപ്പാക്കണം. തൊഴില്‍ നഷ്ടമായ അതിഥി തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് എല്ലാ മാസവും നിശ്ചിത തുക ഉപജീവന ബത്തയായി നല്‍കണം. തൊഴിലാളികളുടെ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനായി ദേശീയതലത്തില്‍ അതോറിറ്റിക്ക് രൂപം നല്‍കണം. തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളുടെ മാതൃകയില്‍ ദേശീയ തലത്തില്‍ സാമൂഹ്യ സുരക്ഷാ ബോര്‍ഡിന് രൂപം നല്‍കണമെന്നും കമ്മിഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.