പാലക്കാട്: കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം വിജയകരമായി നടത്തി. ബംഗളൂരു-കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടുന്നതിന് മുന്നോടിയായാണ് പൊള്ളാച്ചി-പാലക്കാട് റൂട്ടില്‍ പരീക്ഷണ ഓട്ടം നടത്തിയത്. വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിന് ട്രെയിനുകളില്ലെന്ന് പരാതികള്‍ പരിഹാരിക്കുകയാണ് ലക്ഷ്യം.
രാവിലെ എട്ടിന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട ഉദയ എക്സ്പ്രസ് (നമ്പര്‍ 22665/66) 11.05 ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെത്തി. 11.25 ന് പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിന്‍ 11.50 ന് പാലക്കാട് ജംഗ്ഷനില്‍ മടങ്ങിയെത്തി. 
ഇവിടെ നിന്ന് 12 ന് പുറപ്പെട്ട് 2.30 ന് കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിച്ചു. ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല. ദക്ഷിണ റെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണ ഓട്ടം നടത്തിയത്. 
ഉദയ് എക്സ്പ്രസ് കോയമ്പത്തൂര്‍ മുതല്‍ ബാംഗ്ലൂര്‍ വരെ 432 കിലോമീറ്റര്‍ ദൂരമാണ് സര്‍വീസ് നടത്തുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്പത്തൂര്‍ നോര്‍ത്ത്, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, കുപ്പം, കെ.ആര്‍.പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ ഒമ്പത്  സ്റ്റോപ്പുകളാണുള്ളത്. 
കോയമ്പത്തൂര്‍ മുതല്‍ പൊള്ളാച്ചി വരെ 45 കിലോമീറ്ററും പൊള്ളാച്ചി പാലക്കാട് 45 കൂടി 90 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് സ്ഥിരം സര്‍വീസ് തുടങ്ങിയാല്‍ ബെംഗളൂരു ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്കും ട്രെയിന്‍ ഏറെ ഗുണകരമാകും. കണക്ഷന്‍ ട്രെയിനുകളിലൂടെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്കും ഈ ഇരുനില ട്രെയിന്‍ പ്രയോജനപ്പെടുത്താനാകും. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.