മുറിവ്

മുറിവ്

മുറ്റത്ത് ഓടി കളിച്ചുകൊണ്ടിരുന്ന പെൺകുഞ്ഞ് കാൽ വഴുതി വീണ് ഉറക്കെ നിലവിളിച്ചു. ഓടിയെത്തിയ പിതാവ് കുഞ്ഞിനെ എഴുന്നേൽപിച്ച് ദേഹത്തു പറ്റിയ അഴുക്കുകൾ തുടച്ചു കൊണ്ട് പറഞ്ഞു.. മോളെ ഇങ്ങനെ ഓടി കളിച്ചുവീഴാവോ..? വീണാൽ മുറിവ് പറ്റില്ലേ..? ദേഹം വേദനിക്കില്ലേ...?

പിതാവിൻ്റെ സ്നേഹത്തോടെയുള്ള വാക്കുകൾ കേട്ട് കുഞ്ഞ് കരച്ചിൽ നിർത്തി. അപ്പോൾ പിതാവ് വീണ്ടും പറഞ്ഞു.. മോളെ, വീണ് കൈകാലൊടിഞ്ഞാ വണ്ടി വിളിച്ച് ആശുപത്രീ പോണം. ഓപ്പറേഷൻ ചെയ്യണം. മുറിവുകൾക്ക് സ്റ്റിച്ചിടണം...;  അച്ഛന് കാശൊത്തിരി ചിലവാകില്ലേ...?

പിതാവിൻ്റെ ഈ വാക്കു കേട്ടതോടെ ശാന്തമായി നിന്ന പെൺകുഞ്ഞ് ഉറക്കെ നിലവിളിക്കാൻ തുടങ്ങി.

അപ്പോൾ പിതാവ് ചോദിച്ചു. ഞാൻ വഴക്ക് പറഞ്ഞില്ലല്ലോ.?! പിന്നെന്തിനാ മോളുകരയുന്നേ..? അപ്പോൾ ആ പെൺകുഞ്ഞ് ഏങ്ങലടിച്ച് പറയുകയാണ്.

എൻ്റെ കാലൊടിഞ്ഞാലും, എന്നെ ഓപ്പറേഷൻ ചെയ്താലും, എനിക്ക് വേദനിച്ചാലും, എന്നെയോർത്ത് അച്ഛന് സങ്കടമില്ല..!  അച്ഛൻ്റെ കാശു തീരുന്നതാ..അച്ഛന് സങ്കടം..? പെൺകുഞ്ഞിൻ്റെ ഈ തിരിച്ചറിവ് പിതാവിൻ്റെ ഹൃദയത്തിൽ ഏറെ മുറിവുണ്ടാക്കി. കുഞ്ഞുങ്ങളിൽ ശാരീരികമായി വന്ന് ചേരുന്ന മുറിവുകൾ വേഗം ഉണങ്ങും. എന്നാൽ.. മാനസികമായുണ്ടാവുന്ന മുറിവുകളെ ഉണക്കാൻ മാതാപിതാക്കൾ ഒരു തൈലമായേ തീരൂ...

ഉണങ്ങിയ മുറിവുമായി ഉണരുന്ന കുഞ്ഞുങ്ങൾ നാടിൻ ഉണർവ്വാണ്...!

✍️ സിബി നെല്ലിക്കൽ


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.