കൊച്ചി: പാലസ്തീന്‍ അനുകൂല പോസ്റ്റര്‍ വലിച്ചുകീറിയ സംഭവത്തില്‍ രണ്ട് ജൂത വംശജരായ സ്ത്രീകള്‍ക്കെതിരെ കേരള പൊലീസ് കേസെടുത്തു. ഐപിസി സെക്ഷന്‍ 153 പ്രകാരമാണ് (കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക, കലാപം നടത്തിയാലും ഇല്ലെങ്കിലും) എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓസ്ട്രേലിയയില്‍ നിന്നുള്ള വിനോദ സഞ്ചാരികളായ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജാമ്യം ലഭിക്കാവുന്ന കുറ്റമായതിനാല്‍ യുവതികളെ പൊലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചു.
തിങ്കളാഴ്ച രാത്രി ഫോര്‍ട്ട്‌കൊച്ചിയിലാണ് സംഭവം. ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ജൂത നഗരത്തിന് പേരുകേട്ട ഫോര്‍ട്ട് കൊച്ചിയില്‍ സ്ഥാപിച്ചിരുന്ന പോസ്റ്റര്‍ വിനോദസഞ്ചാരികള്‍ നശിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പ്രദേശവാസികളായ ചിലര്‍ ഇതിനെ ചോദ്യം ചെയ്യുന്നതും വീഡിയോയില്‍ കാണാം.
പുതുവര്‍ഷത്തോട് അനുബന്ധിച്ച് ഫോര്‍ട്ട്‌കൊച്ചി ബോട്ട് ജെട്ടിക്ക് സമീപം പോസ്റ്ററുകള്‍ പതിച്ചിരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ഈ സംഭവം റെഡ്ഡിറ്റില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. ടൂറിസ്റ്റ് വിസയില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന സ്ത്രീകള്‍ക്ക് പ്രാദേശിക പ്രതിഷേധത്തില്‍ ഏര്‍പ്പെടാന്‍ അവകാശമില്ലെന്നായിരുന്നു ചര്‍ച്ചയിലെ പ്രധാന വാദം.
ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്‌ഐഒ) ആണ് പോസ്റ്ററുകള്‍ സ്ഥാപിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പൊതുസ്ഥലത്ത് പോസ്റ്ററുകള്‍ പതിക്കാന്‍ എസ്‌ഐഒയ്ക്ക് അനുമതിയില്ലെന്നും എന്നാല്‍ അവ നീക്കം ചെയ്യേണ്ടത് തദ്ദേശ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണെന്നും പൊലീസിനെ ഉദ്ധരിച്ച് റദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് ജൂത വിനോദസഞ്ചാരികളും ഒരേ ഹോംസ്റ്റേയിലാണ് താമസിക്കുന്നത്. ഫോര്‍ട്ട് കൊച്ചി ജൂത പട്ടണത്തിനും സിനഗോഗിനും പേരുകേട്ടതാണ്. അധികം ജൂതന്മാര്‍ അവിടെ താമസിക്കുന്നില്ലെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള മറ്റ് വിനോദസഞ്ചാരികള്‍ക്കിടയില്‍ ഈ സ്ഥലം പ്രത്യേകം ആകര്‍ഷിക്കുന്ന ഒരിടമാണ്.
ഈ പ്രദേശത്ത് ഒരുകാലത്ത് യഹൂദ നിവാസികളുടെ ഊര്‍ജസ്വലമായ ഒരു സമൂഹം ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ അവരില്‍ ഭൂരിഭാഗവും 1948 ല്‍ ഇസ്രായേല്‍ സ്ഥാപിതമായതിന് ഇവിടംവിട്ട് പോകുകയായിരുന്നു. ബിസി ഒന്നാം നൂറ്റാണ്ടിലാണ് ആദ്യത്തെ ജൂതന്മാര്‍ കേരളത്തില്‍ നാവികരായി എത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.