മോഡി ഗ്യാരണ്ടിയില്‍ ബിജെപി; അടിയൊഴുക്കുകളില്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസ്; 102 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്

മോഡി ഗ്യാരണ്ടിയില്‍ ബിജെപി; അടിയൊഴുക്കുകളില്‍ പ്രതീക്ഷയോടെ കോണ്‍ഗ്രസ്; 102 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്

അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളും നാളെ നടക്കും.

ന്യൂഡല്‍ഹി: രാജ്യത്തെ 102 മണ്ഡലങ്ങള്‍ നാളെ പോളിങ് ബൂത്തിലേക്ക്. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതും നാളെയാണ്. 102 മണ്ഡലങ്ങളിലും വാശിയേറിയ പ്രചാരണമാണ് നടന്നത്. ഇന്നലെ പരസ്യ പ്രചാരണം അവസാനിച്ചു.

മോഡിയുടെ ഗ്യാരണ്ടിയില്‍ ബിജെപിയും പ്രധാനമന്ത്രിയും പ്രതീക്ഷയര്‍പ്പിക്കുമ്പോള്‍ അടിയൊഴുക്കുകള്‍ ബിജെപിയെ തകര്‍ക്കുമെന്നും ഭരണകക്ഷി 150 സീറ്റ് കടക്കില്ലെന്നുമാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ പ്രതിപക്ഷത്തിനെതിരെ ആക്രമണം ശക്തമാക്കി. 2014 ല്‍ പ്രതീക്ഷയോടെ, 2019 ല്‍ വിശ്വാസത്തോടെ ജനങ്ങളിലേക്ക് പോയപ്പോള്‍, തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തിലേറുമെന്ന ഉറപ്പോടെയാണ് താന്‍ ഇപ്പോള്‍ നില്‍ക്കുന്നതെന്ന് മോഡി ആവര്‍ത്തിച്ചു.

അതേസമയം ജനാധിപത്യവും ഭരണഘടനയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരും ആ മൂല്യങ്ങളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.

തമിഴ്നാട് (39 സീറ്റുകള്‍), ഉത്തരാഖണ്ഡ് (5 സീറ്റുകള്‍) എന്നീ രണ്ട് സംസ്ഥാനങ്ങളിലാണ് നാളെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത്. രാജസ്ഥാനിലെ 12, യുപിയില്‍ എട്ട്, മധ്യപ്രദേശില്‍ ആറ്, അസമിലും മഹാരാഷ്ട്രയിലും അഞ്ച് വീതം, ബിഹാറില്‍ നാല്, പശ്ചിമ ബംഗാളില്‍ മൂന്ന്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ രണ്ട് വീതം മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

ഛത്തീസ്ഗഡ്, മിസോറാം, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെ ഓരോ സീറ്റും ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുന്നു. അരുണാചല്‍ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളും നാളെ നടക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.