സിംഘു സംഘര്‍ഷം: പൊലീസുകാരനെ വെട്ടിയ യുവാവ് ഉള്‍പ്പെടെ 44 പേര്‍ അറസ്റ്റില്‍

സിംഘു സംഘര്‍ഷം: പൊലീസുകാരനെ വെട്ടിയ  യുവാവ് ഉള്‍പ്പെടെ 44 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : കര്‍ഷകസമരത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് സിംഘുവില്‍ 44 പേര്‍ അറസ്റ്റിലായി. അലിപൂര്‍ സ്‌റ്റേഷനിലെ പൊലീസുകാരനെ വാളുമായി ആക്രമിച്ച യുവാവും അറസ്റ്റിലായിട്ടുണ്ട്. കര്‍ഷക സമര വേദിയില്‍ ഇന്നും സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് മുന്നറിയിപ്പ്.

രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. അതിനിടെ ഡല്‍ഹി-യുപി അതിര്‍ത്തിയായ ഗാസിപൂരിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മഹാത്മ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് കര്‍ഷകര്‍ ജനസഭ സംഘടിപ്പിക്കുകയും ഉപവസിക്കുകയും ചെയ്യുന്നുണ്ട്.

സിംഘുവില്‍ കര്‍ഷകര്‍ക്കെതിരെ ഒരു വിഭാഗം പ്രതിഷേധക്കാര്‍ എത്തിയതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കര്‍ഷകരുടെ സമരവേദിയിലെത്തിയ പ്രതിഷേധക്കാര്‍ സമരവേദികളില്‍ ചിലത് തല്ലിപ്പൊളിച്ചു. പ്രദേശത്ത് കര്‍ഷകരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. തുടര്‍ന്ന് ഇരുകൂട്ടരെയും മാറ്റുന്നതിനായി പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരു എസ്എച്ച്ഒ ഉള്‍പ്പടെ രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു.

അലിപൂര്‍ എസ്എച്ച്ഒ പ്രദീപ് പലിവാളിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. കേന്ദ്രസേനയും പൊലീസും തടയാതിരുന്നതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ അരികിലേക്ക് ഇരച്ചെത്തിയതും സംഘര്‍ഷാവസ്ഥയുണ്ടായതുമെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.