ജസ്നയുടെ രക്തം പുരണ്ട വസ്ത്രം കിട്ടിയിട്ടില്ല; പിതാവിന്റെ മൊഴി നിരാകരിച്ച് കോടതിയില്‍ സിബിഐ

 ജസ്നയുടെ രക്തം പുരണ്ട വസ്ത്രം കിട്ടിയിട്ടില്ല; പിതാവിന്റെ മൊഴി നിരാകരിച്ച്  കോടതിയില്‍ സിബിഐ

തിരുവനന്തപുരം: ജസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങള്‍ ക്രൈംബ്രാഞ്ച് കൈമാറിയിരുന്നു എന്ന പിതാവിന്റെ മൊഴി നിരാകരിച്ച് സിബിഐ.

വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജസ്ന ഗര്‍ഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇന്‍സ്പെക്ടര്‍ നിപുല്‍ ശങ്കര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് വന്ന് വിശദീകരണം നല്‍കണമെന്ന് കഴിഞ്ഞ ദിവസം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴി സിബിഐ എടുത്തില്ലെന്ന് ജസ്നയുടെ അച്ഛന്‍ ജയിംസ് ആരോപിച്ചു. എന്നാല്‍, കേസില്‍ എല്ലാവരുടെയും മൊഴിയെടുത്തുവെന്ന് നിപുല്‍ ശങ്കര്‍ കോടതിയെ അറിയിച്ചു. കേസ് 23 ലേക്ക് മാറ്റി.

കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജില്‍ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായിരുന്ന ജസ്‌നയെ രണ്ടായിരത്തിപ്പതിനെട്ട് മാര്‍ച്ച് ഇരുപത്തിരണ്ടിനാണ് കാണാതായത്. കൊല്ലമുളയിലെ വീട്ടില്‍ നിന്ന് തൊട്ടടുത്ത ജംഗ്ഷന്‍ വരെ ഓട്ടോറിക്ഷയില്‍ പോയ ജസ്‌ന മുണ്ടക്കയം വരെ ബസില്‍ സഞ്ചരിച്ചതായി വ്യക്തമായിട്ടുണ്ട്. മുണ്ടക്കയം ജംഗ്ഷനിലൂടെ നടന്നു പോകുന്ന ജസ്‌നയുടെ അവ്യക്ത ദൃശ്യം ഒരു കടയുടെ സി.സി.ടി.വിയില്‍ നിന്ന് ലഭിച്ചു.

ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് വിവരശേഖരണ പെട്ടികള്‍ സ്ഥാപിച്ചും നിരവധിയാളുകളെ ചോദ്യം ചെയ്തും അജ്ഞാത മൃദേഹങ്ങള്‍ പരിശോധിച്ചും പൊലീസിന്റെയും തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണം മുന്നോട്ടു പോകവെയാണ് ജസ്‌നയുടെ സഹോദരന്‍ ജെയ്‌സ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശ പ്രകാരം കേസ് ഏറ്റെടുത്ത സിബിഐയ്ക്ക് ജസ്‌നയ്ക്ക് എന്തു സംഭവിച്ചുവെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.