കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്‍ ജില്ലാ അധ്യക്ഷനും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പേര്. പുതിയ പാര്‍ട്ടി എന്‍ഡിഎയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും.
കോട്ടയത്ത് സജി മഞ്ഞക്കടമ്പില്‍ വിളിച്ചു ചേര്‍ത്ത കണ്‍വെന്‍ഷനിലാണ് തീരുമാനങ്ങളെടുത്തത്. മോന്‍സ് ജോസഫുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് സജി മഞ്ഞക്കടമ്പില്‍ ജോസഫ് വിഭാഗം വിട്ടത്.
കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് സജിയുടെ നേതൃത്വത്തിലുള്ള യോഗം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ ഇന്ന് മണ്ഡലത്തിലെത്തുമ്പോള്‍ സജി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയേക്കും.
ദിനേശ് കര്‍ത്ത, നിരണം രാജന്‍, പ്രൊഫ. ബാലു ജി.വെള്ളിക്കര, സെബാസ്റ്റ്യന്‍ മണിമല, മോഹന്‍ദാസ് അമ്പലറ്റില്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. വേദിയില്‍ കെ.എം മാണിയുടെയും സി.എഫ് തോമസിന്റെയും ചിത്രങ്ങള്‍ വെച്ചിട്ടുണ്ടായിരുന്നു.
പി.ജെ ജോസഫിനും ടി.യു കുരുവിളയ്ക്കും എതിരെ വിവാദം ഉണ്ടാക്കിയത് ആരാണന്ന് പിന്നീട് തെളിയുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് എട്ട് കേരള കോണ്‍ഗ്രസുകളാണുള്ളത്. സജി മഞ്ഞക്കടമ്പില്‍ പുതിയൊരു കേരള കോണ്‍ഗ്രസ് വിഭാഗമായി മാറുന്നതോടെ ഒമ്പതാമത്തെ കേരള കോണ്‍ഗ്രസ് കൂടി വരും. ഇതില്‍ എല്‍ഡിഎഫില്‍ നാലും യുഡിഎഫില്‍ മൂന്നും വിഭാഗം കേരള കോണ്‍ഗ്രസുകളുണ്ട്.
എന്‍ഡിഎയില്‍ ഇപ്പോള്‍ രണ്ടാമത്തെ കേരള കോണ്‍ഗ്രസ് വിഭാഗമായിട്ടാണ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തില്‍ വരുന്നത്. കുരുവിള മാത്യൂസ് ചെയര്‍മാനായിട്ടുള്ള നാഷണലിസ്റ്റ് കേരള കോണ്‍ഗ്രസ് നിലവില്‍ എന്‍ഡിഎയിലുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.