പക്ഷിപ്പനി: എസ്ഒപി പുറത്തിറക്കി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രി

 പക്ഷിപ്പനി: എസ്ഒപി പുറത്തിറക്കി; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ആലപ്പുഴയില്‍ രണ്ട് സ്ഥലങ്ങളിലെ താറാവുകളില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളുവന്‍സ (എച്ച്5 എന്‍1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

പക്ഷിപ്പനി പ്രതിരോധത്തിനായി എസ്ഒപി പുറത്തിറക്കി. ഇതുകൂടാതെ ജില്ലാ കളക്ടറും യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചു വരികയാണ്. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. 2023 ലെ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗ നിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗ ലക്ഷണങ്ങളും രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന്റെ മൂന്ന് കിലോ മീറ്റര്‍ ചുറ്റളവില്‍ ഫീവര്‍ സര്‍വേ നടത്തുകയും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ആശാ പ്രവര്‍ത്തകരുടേയും ഫീല്‍ഡ്തല ജീവനക്കാരുടേയും നേതൃത്വത്തില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും.

പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവര്‍ ക്വാറന്റൈന്‍ കൃത്യമായി പാലിക്കണം. ഈ പ്രദേശത്തിന് പത്ത് കിലോ മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തും. ഏതെങ്കിലും തരത്തിലുള്ള പക്ഷി മരണങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണം. വണ്‍ ഹെല്‍ത്ത് പരിശീലനം ലഭിച്ച വോളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും. ഏതെങ്കിലും സാഹചര്യത്തില്‍ മനുഷ്യരില്‍ പക്ഷിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നെങ്കില്‍ ഐസൊലേഷന്‍ സെന്ററായി ആലപ്പുഴ ജനറല്‍ ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്.

പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് റെഡ് സോണില്‍ നിന്നും വരുന്ന ഫീവര്‍ കേസുകള്‍ നേരിട്ട് ജനറല്‍ ഒ.പിയില്‍ വരുന്നതിന് പകരം ആരോഗ്യ വകുപ്പ് ജീവനക്കാരെ മുന്‍കൂട്ടി അറിയിച്ച് ഇതിനായി സജ്ജമാക്കിയ പ്രത്യേക ഒപി സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.

പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ഗുരുതര കേസുകളുണ്ടായാല്‍ ചികിത്സിക്കാനായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സൗകര്യമൊരുക്കും. സുപ്രണ്ടിന്റെ നേതൃത്വത്തില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. ഈ പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സര്‍വൈലന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പൂര്‍ണമായ ചുമതല അതാത് ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കായിരിക്കും. ഇത്തരം പ്രദേശങ്ങളില്‍ ആവശ്യമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഉറപ്പു വരുത്തും.

അടിയന്തിര സഹായങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലെ നമ്പറില്‍ (0477 2251650) ബന്ധപ്പെടാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.