ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി: 62.37 ശതമാനം പോളിങ്; കൂടുതല്‍ പോളിങ് ത്രിപുരയില്‍, കുറവ് ബിഹാറില്‍

ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി: 62.37 ശതമാനം പോളിങ്; കൂടുതല്‍ പോളിങ് ത്രിപുരയില്‍, കുറവ് ബിഹാറില്‍

ന്യൂഡല്‍ഹി: പതിനെട്ടാമത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്നലെ പൂര്‍ത്തിയായമ്പോള്‍ 62.37 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പദേശങ്ങളിലെയും മണ്ഡലങ്ങളാണ് വിധിയെഴുതിയത്.

കൂടുതല്‍ പോളിങ് നടന്നത് ത്രിപുരയിലാണ്.80.17 ശതമാനം, കുറവ് ബിഹാറിലും-48.50 ശതമാനം.

കിഴക്കന്‍ നാഗാലാന്‍ഡിലെ ആറ് ജില്ലയില്‍ വോട്ടര്‍മാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. 738 പോളിങ് സ്റ്റേഷനിലെ നാല് ലക്ഷത്തിലേറെ വോട്ടര്‍മാര്‍ വോട്ടു ചെയ്യാന്‍ എത്തിയില്ല. ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ എന്ന സംഘടനയുടെ ആഹ്വാന പ്രകാരമായിരുന്നു ബഹിഷ്‌കരണം.

അതേസമയം ഛത്തീസ്ഗഢിലെ മാവോവാദി മേഖലയായ ബസ്തറിലുള്ള 56 ഗ്രാമങ്ങളും ഗ്രേറ്റ് നിക്കോബാറിലെ ഷോംപെന്‍ ഗോത്രവും ആദ്യമായി ഇക്കുറി വോട്ടെടുപ്പില്‍ പങ്കെടുത്തു.

16.63 കോടി വോട്ടര്‍മാരാണ് വെള്ളിയാഴ്ച വോട്ട് രേഖപ്പെടുത്തിയത്. രണ്ട് ലക്ഷത്തോളം പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിരുന്നു. തമിഴ്‌നാട്ടിലെ മുഴുവന്‍ മണ്ഡലവും (39) ആദ്യഘട്ടത്തില്‍ വിധിയെഴുതി. ഏഴുഘട്ടമായുള്ള തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും നടന്നു.

പശ്ചിമ ബംഗാളിലും മണിപ്പുരിലും പോളിങ്ങിനിടെ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുണ്ടായി. വടക്കന്‍ ബംഗാളിലെ കൂച്ച് ബിഹാറില്‍ തൃണമൂല്‍-ബി.ജെ.പി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. മണിപ്പുരിലെ ബിഷ്ണുപുരില്‍ പോളിങ് സ്റ്റേഷനുസമീപം വെടിവെപ്പുണ്ടായി. ഇംഫാല്‍ ജില്ലയില്‍ പോളിങ് സ്റ്റേഷന്‍ അജ്ഞാതര്‍ ആക്രമിച്ചുതകര്‍ത്തു. ഛത്തീസ്ഗഢിലെ മാവോവാദി മേഖലയായ ബിജാപുരില്‍ തിരഞ്ഞെടുപ്പ് ജോലിക്കിടയില്‍ ഷെല്‍ പൊട്ടിത്തെറിച്ച് ഒരു സി.ആര്‍.പി.എഫ്. ജവാന് പരിക്കേറ്റു.

മോദി സര്‍ക്കാരിലെ ഒന്‍പത് മന്ത്രിമാര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടി. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.