റാഞ്ചിയില്‍ ഇന്ന് ഇന്ത്യാ സഖ്യത്തിന്റെ 'ഉല്‍ഗുലാന്‍ ന്യായ് റാലി'; സുനിതാ കെജരിവാളും കല്‍പ്പനാ സോറനും വേദിയിലെത്തും

റാഞ്ചിയില്‍ ഇന്ന് ഇന്ത്യാ സഖ്യത്തിന്റെ 'ഉല്‍ഗുലാന്‍  ന്യായ് റാലി'; സുനിതാ കെജരിവാളും കല്‍പ്പനാ സോറനും വേദിയിലെത്തും

റാഞ്ചി: ഇന്ത്യാ സഖ്യത്തിന്റെ സംയുക്ത റാലി ഇന്ന് ജാര്‍ഖണ്ഡില്‍ നടക്കും. 'ഉല്‍ഗുലാന്‍ (വിപ്ലവ) ന്യായ് റാലി'എന്ന പേരില്‍ റാഞ്ചിയിലെ പ്രഭാത് താര ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന മെഗാ റാലിയിലും തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തിലും രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ലാലു പ്രസാദ് യാദവ്, ശരത് പവാര്‍, ഫാറൂഖ് അബ്ദുള്ള തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കും.

പ്രതിപക്ഷ കക്ഷികളെ അടിച്ചമര്‍ത്തുന്നതാണ് കേന്ദ്രത്തിന്റെ നിലപാടെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാന്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിതാ കെജരിവാളും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കല്‍പ്പനാ സോറനും വേദിയിലെത്തും.

റാഞ്ചിയിലെ പൊതു സമ്മേളനത്തില്‍ കെജരിവാളിന്റെയും സോറന്റെയും അറസ്റ്റ് തന്നെയാകും പ്രധാന വിഷയമായി പ്രതിപക്ഷ നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുക. ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കുന്ന റാലിയില്‍ ഏകദേശം അഞ്ച് ലക്ഷം പേര്‍ പങ്കെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സംയുക്ത ശക്തി പ്രകടനമായാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) ഇത് സംഘടിപ്പിച്ചിരിക്കുന്നത്.

അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെതിരെ പ്രതിപക്ഷ ഇന്ത്യാ ബ്ലോക്കിന്റെ ഉന്നത നേതാക്കള്‍ മാര്‍ച്ച് 31 ന് ഡല്‍ഹിയില്‍ നടത്തിയ 'ലോക് തന്ത്ര ബച്ചാവോ' റാലിക്ക് ആഴ്ചകള്‍ക്ക് ശേഷമാണ് റാഞ്ചിയിലെ 'ഉല്‍ഗുലന്‍ (വിപ്ലവ) ന്യായ്' റാലി നടക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.