കെജരിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ശ്രമം; ഇന്ത്യ റാലിയില്‍ സുനിതാ കെജരിവാള്‍: രാഹുല്‍ ഗാന്ധിക്ക് എത്താനായില്ല

കെജരിവാളിനെ ജയിലില്‍ കൊലപ്പെടുത്താന്‍ ശ്രമം; ഇന്ത്യ റാലിയില്‍ സുനിതാ കെജരിവാള്‍: രാഹുല്‍ ഗാന്ധിക്ക് എത്താനായില്ല

സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിലടിച്ചത് പരിപാടിയുടെ ശോഭ കെടുത്തി.

റാഞ്ചി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ വധിക്കാന്‍ തിഹാര്‍ ജയിലില്‍ ശ്രമം നടക്കുന്നുവെന്ന ആം ആദ്മി പാര്‍ട്ടി ആരോപണം ആവര്‍ത്തിച്ച് ഭാര്യ സുനിതാ കെജരിവാള്‍. കെജരിവാളിന് ഇന്‍സുലിന്‍ നല്‍കാതെ തിഹാര്‍ ജയില്‍ അധികൃതര്‍ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന് റാഞ്ചിയിലെ ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ അവര്‍ ആരോപിച്ചു.

കെജരിവാളിന്റെ ഭക്ഷണം പോലും നിരീക്ഷിക്കപ്പെടുന്നു. അദേഹം ഒരു പ്രമേഹ രോഗിയാണ്. കഴിഞ്ഞ 12 വര്‍ഷമായി ദിവസം 50 യൂണിറ്റ് ഇന്‍സുലിന്‍ ആവശ്യമാണ്. എന്നാല്‍ ജയിലില്‍ അദേഹത്തിന് ഇന്‍സുലിന്‍ ലഭ്യമാകുന്നില്ല. ഡല്‍ഹി മുഖ്യമന്ത്രിയെ വധിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. കെജരിവാളിന്റെ ചിന്തകള്‍ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നും സുനിത പറഞ്ഞു.

കെജരിവാളിന്റെ കുറ്റം തെളിയിക്കാതെ ജയിലിലടച്ചത് ഏകാധിപത്യമാണ്. എന്ത് തെറ്റാണ് അദേഹം ചെയ്തത്. മികച്ച വിദ്യാഭ്യാസവും ആരോഗ്യ സൗകര്യങ്ങളും നല്‍കിയതാണോ അദേഹം ചെയ്ത തെറ്റ്. രാജ്യത്തെ സേവിക്കാന്‍ മാത്രമാണ് കെജരിവാള്‍ ആഗ്രഹിക്കുന്നത്.

ഒരു ഐഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയ വ്യക്തിയെന്ന നിലയില്‍ അദേഹത്തിന് വിദേശത്തേക്ക് പോകാമായിരുന്നു. എന്നാല്‍ അദേഹം രാജ്യ സ്‌നേഹത്തിന് മുന്‍ഗണന നല്‍കുന്നതിനാല്‍ ഇന്ത്യയില്‍ തുടര്‍ന്നു. ഐആര്‍എസ് ആയിരിക്കെ പൊതുസേവനം ചെയ്യാന്‍ അവധിയെടുത്തു. ജനങ്ങള്‍ക്ക് വേണ്ടി കെജരിവാള്‍ തന്റെ ജീവന്‍ പണയപ്പെടുത്തിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ ശാരീരിക അസ്വസ്ഥത മൂലം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടന്ന ഇന്ത്യ സഖ്യത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാനായില്ല. രാഹുല്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗിക എക്‌സ് പോസ്റ്റിലൂടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശാണ് അറിയിച്ചത്. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഉള്‍പ്പെടെയുള്ള മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ എത്തിയിരുന്നു. എന്നാല്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്-ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിലടിച്ചത് പരിപാടിയുടെ ശോഭ കെടുത്തി.

ഇന്ത്യ സഖ്യത്തിന്റെ രണ്ടാമത്തെ പ്രധാന പ്രചാരണ പരിപാടിയാണ് റാഞ്ചിയിലെ പ്രഭാത് താര മൈതാനത്തില്‍ നടന്ന 'ഉല്‍ഗുലന്‍ ന്യായ് റാലി'. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിനെ തുടര്‍ന്ന് മാര്‍ച്ച് 31 ന് ഡല്‍ഹിയിലെ രാംലീല മൈതാനത്തിലായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ ആദ്യ റാലി നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.