ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന് തൊട്ടുപിന്നാലെ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്കു സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഇറാന്‍ സംഘടനകളുടെ പങ്ക് അന്വേഷിക്കുന്നു. ഇതിനായി ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ സഹായം ഇന്ത്യ തേടി. ഇന്ത്യ - ഇസ്രായേല്‍ നയതന്ത്ര ബന്ധത്തിന്റെ വാര്‍ഷിക ദിനമായ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു എംബസിക്കു മുന്നിലുള്ള നടപ്പാതയില്‍ സ്ഫോടനം.
തീവ്രവാദി ആക്രമണമാണോ എന്ന സംശയം ഉയരുന്നുണ്ട്. അന്വേഷണം തീവ്രവാദ വിരുദ്ധ വിഭാഗത്തിന് കൈമാറാനാണ് ഡല്‍ഹി പോലീസിന്റെ തീരുമാനം. 'ഇസ്രായേല്‍ അംബാസഡര്‍' എന്നെഴുതിയ ഒരു കവര്‍ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ സംബന്ധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്.
സ്ഥലത്തെയും പരിസരപ്രദേശത്തെയും സിസിടിവി ഫൂട്ടേജുകളും തീവ്രവാദ വിരുദ്ധ വിഭാഗം പരിശോധിക്കുകയാണ്. കഴിഞ്ഞ 48 മുതല്‍ 72 മണിക്കൂറിനുള്ളില്‍ യാത്രയ്ക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വിദേശ സഞ്ചാരികളെ നിരീക്ഷിക്കാന്‍ ഇമിഗ്രേഷന്‍ വിഭാഗത്തിലെയും വിമാനത്താവളത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം കട്ടിയിട്ടുണ്ട്.
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സമാപനം കുറിച്ച് രാജ്പഥിലെ വിജയ് ചൗക്കില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കമുള്ളവര്‍ ബീറ്റിങ് റിട്രീറ്റിനായി സമ്മേളിച്ചിരിക്കെയാണ് ഒന്നര കിലോമീറ്റര്‍ മാത്രമകലെ അബ്ദുള്‍ കലാം റോഡില്‍ സ്ഫോടനമുണ്ടായത്. ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു സംഭവത്തെപ്പറ്റി വിശദീകരണം നല്‍കി. ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗബി അഷ്‌കെനാസിയുമായി ഫോണില്‍ സംസാരിച്ചതായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.
സംഭവം ഗൗരവമായി എടുക്കുമെന്നും എംബസിക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം ഇസ്രയേലിനു വാക്കുകൊടുത്തു. സംഭവത്തെ ഭീകരപ്രവര്‍ത്തനമെന്നാണ് ഇസ്രയേല്‍ വിശേഷിപ്പിച്ചത്. ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്ലും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി. സി.ആര്‍.പി.എഫിന്റെ 10 കമ്പനി ഉള്‍പ്പടെ 15 കമ്പനി കേന്ദ്ര സായുധ സേനാംഗങ്ങളെ അധികമായി വിന്യസിച്ചു.ദേശീയ അന്വേഷണ ഏജന്‍സി സംഘവും എന്‍.എസ്.ജിയുടെ സ്ഫോടകവസ്തു വിദഗ്ധരും സ്ഥലത്തെത്തിയിരുന്നു.
ഇസ്രയേല്‍ എംബസിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. 2012 ഫെബ്രുവരി 13-നായിരുന്നു ആദ്യ ആക്രമണം. ഇസ്രയേല്‍ എംബസിയുടെ വാഹനത്തില്‍ ബൈക്ക് യാത്രികര്‍ ഒട്ടിച്ചുവച്ച സ്ഫോടകവസ്തു പ്രധാനമന്ത്രിയുടെ ഓഫീസിനു സമീപത്തുവച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.