ബാങ്ക് ലോക്കറില്‍ വിഷവാതകം; തൃശൂരില്‍ മൂന്ന് ജീവനക്കാര്‍ക്ക് ബോധക്ഷയം

ബാങ്ക് ലോക്കറില്‍ വിഷവാതകം; തൃശൂരില്‍ മൂന്ന് ജീവനക്കാര്‍ക്ക് ബോധക്ഷയം

തൃശൂര്‍: മാപ്രാണം സെന്ററില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലെ ലോക്കറില്‍ നിന്നും വമിച്ച വിഷവാതകം ശ്വസിച്ച് മൂന്ന് ജീവനക്കാര്‍ക്ക് ബോധക്ഷയം. തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ സ്വര്‍ണം എടുത്തുവെക്കാന്‍ പോയ ബാങ്കിലെ ക്ലാര്‍ക്കുമാരായ ചേര്‍പ്പ് സ്വദേശി ഇമാ ജേക്കബ് (24), ഇരിങ്ങാലക്കുട സ്വദേശി പി.എല്‍ ലോന്റി (38), പത്തനംതിട്ട സ്വദേശി സ്റ്റെഫി (23) എന്നിവര്‍ക്കാണ് ബോധക്ഷയം ഉണ്ടായത്. ഇവരെ കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചു.

ലോക്കര്‍ മുറിയിലേക്ക് പോയവരെ തിരികെ കാണാതായതിനെത്തുടര്‍ന്ന് അസിസ്റ്റന്റ് മാനേജര്‍ ടിന്റോ അന്വേഷിച്ചു ചെന്നപ്പോഴാണ് മൂന്ന് പേരും ബോധരഹിതയായി കിടക്കുന്നത് കണ്ടത്. മുറിയിലേക്ക് കയറിയ ടിന്റോയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ഉടന്‍ ബാങ്കിലെ ഗോള്‍ഡ് അപ്രൈസര്‍ നാട്ടുകാരുടെ സഹായത്തോടെ ഇവരെ സമീപത്തെ ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ പിന്നീട് എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി. ഇരിങ്ങാലക്കുട പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ബാങ്കിനകത്ത് കാര്‍ബണ്‍ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച മണിക്കൂറുകളോളം പ്രദേശത്ത് വൈദ്യുതി ഉണ്ടായിരുന്നില്ല. അതിനാല്‍ ജനറേറ്ററാണ് ബാങ്കില്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ജനറേറ്റര്‍ മുറിയുടെ ജനലുകള്‍ അടച്ചിട്ട നിലയിലായിരുന്നു. മൂന്ന് മണിക്കൂറിലേറെ ജനറേറ്റര്‍ പ്രവര്‍ത്തിച്ചതിനാല്‍ ഓക്‌സിജന്റെ അളവ് കുറയുകയോ കാര്‍ബണ്‍ മോണോക്സൈഡ് ഉണ്ടാകുകയോ ചെയ്തിരിക്കാമെന്നാണ് പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നിഗമനം. ലാബ് പരിശോധനയ്ക്ക് ശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരികയുള്ളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.