കണ്ണൂർ: രാഹുൽ ഗാന്ധിക്കെതിരായ പി.വി അൻവറിന്‍റെ അധിക്ഷേപ പരാമർശം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പറയുമ്പോൾ തിരിച്ച് കിട്ടുമെന്ന് രാഹുൽ ആലോചിക്കണമെന്ന് പിണറായി ചൂണ്ടിക്കാട്ടി. രാഹുലിനെതിരെ താൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുകയാണ്. പഴയ പേരിലേക്ക് പോകരുതെന്ന് പറഞ്ഞത് രാഹുലിന്‍റെ രാഷ്ട്രീയ നിലപാട് കണ്ടിട്ടാണ്. സി.എ.എയിൽ രാഹുലിന് മറുപടിയില്ല. അത് ആർക്കാണ് സന്തോഷം പകർന്നതെന്ന് ചോദിച്ച പിണറായി ഇവിടെയാണ് താൻ രാഹുലിനെ വിമർശിച്ചതെന്നും വ്യക്തമാക്കി.
ഗൗരവമേറിയ രാഷ്ട്രീയ പ്രവർത്തകൻ എന്ന നില രാഹുൽ ഗാന്ധിക്ക് ഉണ്ടായിട്ടില്ല. കേരളത്തിൽ വന്ന് ബി.ജെ.പിയെ സഹായിക്കുന്ന നിലപാട് എടുത്തു. ഒരു മാറ്റവും രാഹുലിന് വന്നിട്ടില്ല എന്നാണ് മനസിലാകുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി. മോഡിയുടെ വിദ്വേഷ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിഷ്പക്ഷത വ്യക്തമാക്കുന്ന സമീപനം ഇതുവരെ ഉണ്ടായിട്ടില്ല. ഉടനെ ഇടപെടേണ്ട കേസാണ്, പക്ഷേ ഇടപെടുന്നില്ല. പച്ചക്കാണ് പ്രധാനമന്ത്രി വർഗീയത പറഞ്ഞത്. ഇതുവരെ കമാ എന്ന് കമീഷൻ മിണ്ടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബി.ജെ.പിയുടെ സൂറത്ത് വിജയം സംഭവിക്കാൻ പാടില്ലാത്തതാണ്. പത്രികയിൽ ഒപ്പിടുന്ന ആളുകൾ പോലും വിശ്വസ്തർ അല്ലാതായി. ഏതു രീതിയിലുള്ള കളികളാണ് നടന്നിട്ടുള്ളത്. ന്യൂനപക്ഷങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കോളാമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിൽ അത് അബദ്ധ പ്രസ്താവനയാണ്. കുഞ്ഞാലിക്കുട്ടി അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
പാലക്കാട് എടത്തനാട്ടുകരയിൽ എൽ.ഡി.എഫ് ലോക്കൽ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് യോഗത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ പി.വി അൻവർ അധിക്ഷേപ പരാമർശം നടത്തിയത്. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നായിരുന്നു അൻവറിന്‍റെ പരാമർശം. ‘ഗാന്ധി’ എന്ന പേര് ചേർത്ത് ഉച്ചരിക്കാൻ അർഹതയില്ലാത്ത നാലാംകിട പൗരനാണെന്നും പേരിനൊപ്പമുള്ള ഗാന്ധി ഒഴിവാക്കി രാഹുൽ എന്ന് മാത്രമേ വിളിക്കൂവെന്നും പി.വി അൻവർ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.