'പരസ്യങ്ങളുടെ അതേ വലിപ്പത്തിലുള്ള മാപ്പാണോ പ്രസിദ്ധീകരിച്ചത്, മൈക്രോസ്‌കോപ്പിലൂടെ നോക്കേണ്ട സ്ഥിതിയുണ്ടാകരുത് '; രാംദേവിനെ കണക്കന് ശാസിച്ച് സുപ്രിം കോടതി

'പരസ്യങ്ങളുടെ അതേ വലിപ്പത്തിലുള്ള മാപ്പാണോ പ്രസിദ്ധീകരിച്ചത്, മൈക്രോസ്‌കോപ്പിലൂടെ നോക്കേണ്ട സ്ഥിതിയുണ്ടാകരുത് '; രാംദേവിനെ കണക്കന് ശാസിച്ച് സുപ്രിം കോടതി

ന്യൂഡൽഹി: മാപ്പപേക്ഷ മൈക്രോസ്‌കോപ്പ് വച്ച് നോക്കണോ എന്ന് പതഞ്ജലിയോട് ആരാഞ്ഞ് സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയാണ് ജഡ്‌ജിമാരായ ഹിമ കോഹ്ലി, എ.അമാനുള്ള എന്നിവരുടെ ബെഞ്ചിന്റെ പരാമർശം. സാധാരണ പതഞ്ജലി ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്ന അത്ര വലിപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും കോടതി ചോദിച്ചു. പതഞ്ജലിയുടെ മാനേജിംദ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും ബാബ രാംദേവും കോടതിയിൽ ഹാജരായിരുന്നു.

പത്രങ്ങളിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചെന്നും ഇക്കാര്യം വ്യക്തമാക്കി പത്രസമ്മേളനം നടത്തിയെന്നും പതഞ്ജലിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്‌ത്ഗി പറഞ്ഞു. എന്നാൽ പത്രങ്ങളിൽ സാധാരണ നൽകാറുള്ള ഫുൾ പേജ് പരസ്യങ്ങളുടെ അത്രയ്‌ക്കുണ്ടായിരുന്നോ മാപ്പപേക്ഷ എന്നായിരുന്നു ജസ്റ്റിസ് ഹിമ കോഹ്ലിയുടെ ചോദ്യം. 67 പത്രങ്ങളിൽ മാപ്പപേക്ഷ പരസ്യമായി നൽകിയെന്നും, ഇതിന് ലക്ഷക്കണക്കിന് രൂപ ചെലവായെന്നും റോഹ്‌ത്ഗി പറഞ്ഞു. നിങ്ങൾ സാധാരണ നൽകാറുള്ള പരസ്യങ്ങളുടെ അത്രയും രൂപ മാപ്പപേക്ഷയ്‌ക്ക് ചെലവായോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ പകർപ്പുകൾ ഹാജരാക്കാത്തതിന് പതഞ്ജലിയുടെ അഭിഭാഷകനെ കോടതി ശാസിച്ചു. അടുത്ത തവണ ഇവയെല്ലാം ഹാജരാക്കണമെന്നും നിർദേശിച്ചു. എന്തു വലിപ്പത്തിലാണു മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് തങ്ങൾക്ക് കാണണം. മാപ്പ് പ്രസിദ്ധീകരിച്ചത് മൈക്രോ സ്‌കോപ്പ് വച്ചു നോക്കി കണ്ടു പിടിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും കോടതി ഓർമ്മിപ്പിച്ചു. പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ ഹർജി കോടതി 30ലേക്ക് മാറ്റി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.