ലണ്ടന്‍: അനധികൃത മാര്‍ഗങ്ങളിലൂടെ ബ്രിട്ടനിലെത്തുന്ന കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയക്കുന്നതു സംബന്ധിച്ച ബില്‍ പാസാക്കി ബ്രിട്ടന്‍ പാര്‍ലമെന്റ്. അഭയാര്‍ഥികളെ നാടുകടത്തുന്ന പ്രക്രിയ ജൂലൈയില്‍ ആരംഭിക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക് പറഞ്ഞു. ഈ ആഴ്ച അവസാനത്തോടെ ചാള്‍സ് രാജാവിന്റെ സമ്മതം കൂടി ലഭിച്ചാല്‍ ബില്‍ നിയമമാകും.
2022ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണാണ് ആദ്യമായി റുവാണ്ട ഡിപ്പോര്‍ട്ടേഷന്‍ ബില്‍ അവതരിപ്പിക്കുന്നത്. റുവാണ്ടയുമായി കരാറിലേര്‍പ്പെട്ട ബില്‍ പ്രകാരം ബ്രിട്ടനില്‍ അനധികൃതമായെത്തുന്ന കുടിയേറ്റക്കാരെ റുവാണ്ടയിലേക്ക് അയയ്ക്കും. ഇംഗ്ലിഷ് ചാനലിലൂടെയുള്ള അനധികൃത കുടിയേറ്റം തടയുകയും കള്ളക്കടത്തുകള്‍ തടയുകയുമാണ് റുവാണ്ട ബില്ലിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഹൗസ് ഓഫ് കോമണ്‍സും ഹൗസ് ഓഫ് ലോര്‍ഡ്‌സും തമ്മിലുള്ള നീണ്ട വാക്കുതര്‍ക്കങ്ങള്‍ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. 'എല്ലാ മാസവും അഭയാര്‍ഥികള്‍ക്കുവേണ്ടി ഒന്നിലധികം ചാര്‍ട്ടര്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും. എന്തൊക്കെ സംഭവിച്ചാലും ഈ വിമാനങ്ങള്‍ പറക്കും'- റിഷി സുനക് കൂട്ടിച്ചേര്‍ത്തു.
ഈ ബില്‍ പ്രകാരം, ബ്രിട്ടനിലേക്ക് അഭയാര്‍ഥികളായി വരുന്നവരെ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലേക്ക് പറഞ്ഞയക്കുകയും അവിടെ നടക്കുന്ന അഞ്ചുവര്‍ഷത്തോളം നീണ്ട വിചാരണയിലൂടെ അഭയാര്‍ഥിത്വം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുകയും ചെയ്യും.
അഭയാര്‍ഥിത്വം ലഭിച്ചില്ലെങ്കില്‍ അവര്‍ക്ക് റുവാണ്ടയില്‍ തന്നെ തുടരാം. അതുമല്ലെങ്കില്‍ സുരക്ഷിതമായ മറ്റേതെങ്കിലും 'മൂന്നാം ലോക' രാജ്യത്തേക്കു മാറാം. 2022 ജനുവരി മുതല്‍ ബ്രിട്ടനില്‍ അഭയാര്‍ഥികളായി വന്നവരെയെല്ലാം ഈ നിയമപ്രകാരം റുവാണ്ടയിലേക്ക് അയക്കാന്‍ സാധിക്കും.
അതേസമയം, അഭയാര്‍ഥി പ്രവാഹം ഇല്ലാതാക്കല്‍ സര്‍ക്കാരിന്റെ മുന്‍ഗണനാ വിഷയമാണെങ്കിലും അനധികൃത കുടിയേറ്റക്കാരെ റുവാണ്ടയിലേക്കു നാടുകടത്തുന്ന പദ്ധതി മനുഷ്യാവകാശത്തിനെതിരാണെന്ന് സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നു. ആക്രമണങ്ങള്‍ക്കും സര്‍ക്കാര്‍ വിമര്‍ശകരുടെ കൊലപാതകങ്ങള്‍ക്കും പേരുകേട്ട സ്ഥലം കൂടിയാണ് റുവാണ്ട.
ആഫ്രിക്കയിലെയും ഏഷ്യയിലെയും പശ്ചിമേഷ്യയിലെയും യുദ്ധവും പട്ടിണിയും കാരണം വര്‍ഷങ്ങളായി ഇംഗ്ലീഷ് ചാനല്‍ വഴി ആയിരക്കണക്കിന് അഭയാര്‍ഥികളാണ് ബ്രിട്ടനിലേക്ക് കുടിയേറുന്നത്.
അനധികൃത കുടിയേറ്റം യൂറോപ്പിനെ കീഴടക്കുമെന്നു റിഷി സുനക് നേരത്തെ തന്നെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. കുടിയേറ്റത്തെ ശത്രുക്കള്‍ ആയുധമായി പ്രയോഗിക്കുകയാമെന്നും ആളുകളെ നമ്മുടെ തീരങ്ങളിലേക്ക് മനഃപൂര്‍വം തള്ളിവിടുന്നത് യൂറോപ്യന്‍ സമൂഹത്തെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടാണെന്നും സുനക് കുറ്റപ്പെടുത്തിയിരുന്നു.
ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അനുകൂലമായ വിധി വരാനുള്ള പദ്ധതി കൂടിയാണ് റുവാണ്ട ബില്‍. തിരഞ്ഞെടുപ്പ് സുനകിനും പാര്‍ട്ടിക്കും വെല്ലുവിളിയാണെന്നുള്ള വിലയിരുത്തലുകള്‍ക്കിടയില്‍ ബില്‍ അവതരിപ്പിച്ചതോടെ സുനകിന്റെ ജയസാധ്യത വര്‍ധിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.