അബുദാബി: കോവിഡ് പശ്ചാത്തലത്തില്‍ ദുബായ് പ്രഖ്യാപിച്ച യാത്രാനിയന്ത്രണങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരും. എത് രാജ്യത്ത് നിന്നും ദുബായിലെത്തുന്ന സ്വദേശികള്‍ക്ക് വിമാനത്താവളത്തില്‍ പിസിആർ ടെസ്റ്റ് വേണം. താമസക്കാർക്കും ജിസിസി പൗരന്മാർക്കും സന്ദർശകർക്കും യാത്രയ്ക്ക് മുന്‍പ് കോവിഡ് പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റും അനിവാര്യമാണ്.
യാത്രയ്ക്ക് 72 മണിക്കൂറിനുളളിലെ ടെസ്റ്റ് റിസല്‍റ്റാണ് വേണ്ടത്. നേരത്തെ ഇത് 96 മണിക്കൂറായിരുന്നു. ദുബായിലെത്തിയാലും കോവിഡ് ടെസ്റ്റ് വേണം. ദുബായ് വിസക്കാർക്ക് ജിഡിആർഎഫ്എ അനുമതി അനിവാര്യമാണ്. മറ്റ് എമിറേറ്റിലെ വിസക്കാരാണെങ്കില്‍ ഐസിഎ അനുമതി വേണം. അതേസമയം ദുബായില്‍ നിന്ന് യാത്ര പുറപ്പെടുന്നവർക്ക് ഏത് രാജ്യത്തേക്കാണോ യാത്ര ആ രാജ്യം ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ആന്റിജന്‍ അല്ലെങ്കില്‍ റാപ്പിഡ് പിസിആർ ടെസ്റ്റ് നടത്താനുളള സൗകര്യം വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.
അബുദാബി രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യണമെങ്കില്‍ 48-96 മണിക്കൂറിനുളളിലെടുത്ത പിസിആർ നെഗറ്റീവ് ഫലം നിർബന്ധം. അബുദാബിയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്നവർക്ക് ഐസിഎ ഗ്രീന്‍ സിഗ്നല്‍ അനുമതി വേണം. ഇന്ത്യയുള്‍പ്പടെ ഗ്രീന്‍ പട്ടികയില്‍ ഇല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവർക്ക് 10 ദിവസത്തെ ഹോം ക്വാറന്‍റീന്‍ വേണം.
അതേസമയം ഒമാനും നിയന്ത്രണങ്ങള്‍ കർശനമാക്കിയിട്ടുണ്ട്. എല്ലാ സാമൂഹിക പരിപാടികളും രാജ്യത്ത് നിർത്തലാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര സമ്മേളനങ്ങള്‍ക്കും, കായിക പരിപാടികള്‍ക്കും പ്രദർശനമേളകള്‍ക്കും വിലക്ക് ബാധകമാണ്. സർവ്വകലാശാലകളിലേക്ക് വിദ്യാർത്ഥികള്‍ തിരിച്ചെത്തുന്നതും മാറ്റിവച്ചു. വിദേശ യാത്രകള്‍ മാറ്റിവയ്ക്കുന്നതാണ് ഉചിതമെന്ന് താമസക്കാരോടും പൗരന്മാരോടും ഒമാന്‍ നിർദ്ദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപന സാഹചര്യത്തില്‍ കര അതിർത്തികള്‍ ഫെബ്രുവരി ഒന്നുവരെ അടക്കുകയാണെന്ന് നേരത്തെ തന്നെ ഒമാന്‍ പ്രഖ്യാപിച്ചിരുന്നു.
ബഹ്റിനില്‍ റസ്റ്ററന്റുകളിലും കഫേകളിലും ഡൈന്‍ ഇന്‍ സർവ്വീസുകള്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. മൂന്നാഴ്ചകാലത്തേക്ക് സ്കൂളുകളില്‍ ഇലേണിംഗ് തുടരണമെന്ന നിർദ്ദേശവും നല്‍കിയിരുന്നു. എന്നാൽ, കുവൈറ്റില്‍ അടുത്ത ഒരു അറിയിപ്പുണ്ടാകുന്നതുവരെ വിമാന സർവ്വീസുകളുണ്ടാകില്ലെന്ന് മന്ത്രിസഭായോഗം വ്യക്തമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.