തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: സംസ്ഥാനത്ത് 194 സ്ഥാനാര്‍ഥികള്‍; 2,77,49,159 വോട്ടര്‍മാര്‍

തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: സംസ്ഥാനത്ത് 194 സ്ഥാനാര്‍ഥികള്‍; 2,77,49,159 വോട്ടര്‍മാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നാളെ രാവിലെ ഏഴിന് ആരംഭിക്കും. വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്.

2,77,49,159 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇവരില്‍ 1,43,33,499 പേര്‍ സ്ത്രീകളാണ്. ആകെ വോട്ടര്‍മാരില്‍ 5,34,394 പേര്‍ 18-19 പ്രായക്കാരായ കന്നി വോട്ടര്‍മാര്‍മാരാണ്. കൂടാതെ 2,64,232 ഭിന്നശേഷി വോട്ടര്‍മാരും 367 ഭിന്നലിംഗ വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. പോളിങ് ബൂത്തുകളില്‍ സുഗമമായ വോട്ടെടുപ്പ് ഉറപ്പു വരുത്തുന്നതിനും വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്‌ട്രോങ് റൂമുകളില്‍ എത്തിച്ച് സൂക്ഷിക്കുന്നതിനും എല്ലാവിധ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്കായി 1,01,176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക.

സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസില്‍ താഴെയുള്ള യുവജനങ്ങള്‍ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാര്‍ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. കൂടാതെ 316 എത്‌നിക് പോളിങ് ബൂത്തുകളും 131 തീം അടിസ്ഥാനമാക്കിയുള്ള ബൂത്തുകളും ഉണ്ട്.

പ്രായ, ലിംഗ ഭേദമന്യേ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിച്ച് രാഷ്ട്ര നിര്‍മാണ പ്രക്രിയയില്‍ പങ്കാളികളാകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.