മുംബൈ: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ത്യാഗോജ്ജ്വലമായ ജീവിതകഥ വെള്ളിത്തിരയില്‍ എത്തിച്ച് മികച്ച നിരൂപക പ്രശംസ നേടിയെടുത്ത 'ദ ഫെയ്സ് ഓഫ് ദ ഫെയ്സ്ലെസ്' എന്ന സിനിമ ഇനി ഗള്‍ഫ് നാടുകളിലേക്കും. ഓസ്‌കര്‍ യോഗ്യതാ പട്ടികയില്‍ ഇടം പിടിച്ച ചിത്രം യുഎഇ, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ മെയ് രണ്ടിനാണ് പ്രദര്‍ശിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേളകളില്‍ നിന്നു ലഭിച്ച 55ലധികം അംഗീകാരങ്ങളുടെ നിറവിലാണ് ചിത്രം ഗള്‍ഫിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
സി. റാണി മരിയയുടെ ജീവിതവും സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും രക്തസാക്ഷിത്വവും ഇതിവൃത്തമാക്കിയ 'ദ ഫേസ് ഓഫ് ദ ഫേസ്ലെസ്' ഇതിനോടകം ആഗോള തലത്തില്‍ ഏറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സമൂഹത്തില്‍ മുഖം ഇല്ലാതായി പോയ ഒരു ജനതയുടെ മുഖമായി മാറിയ സിസ്റ്റര്‍ റാണി മരിയയുടെ പരിത്യാഗത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്.
പ്രൊഫ. ഷെയ്സണ്‍ പി. ഔസേപ്പ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ട്രൈ ലൈറ്റ് ക്രിയേഷന്‍സിന്റെ ബാനറില്‍ സാന്ദ്ര ഡിസൂസയാണ് നിര്‍മ്മാണം. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ വിന്‍സി അലോഷ്യസാണ് സിസ്റ്റര്‍ റാണി മരിയയായി അഭിനയിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ലോണവാലയില്‍ 33 ദിവസത്തോളമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
സിനിമയിലെ ഗാനങ്ങള്‍ക്കും പശ്ചാത്തല സംഗീതത്തിനും ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു. പ്രമുഖ സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ് സിനിമയ്ക്കായി ഒരുക്കിയ മൂന്നു ഗാനങ്ങളാണ് ഒറിജിനല്‍ സോംഗ് വിഭാഗത്തിലേക്കുള്ള ഓസ്‌കറിന് നോമിനേറ്റ് ചെയ്യപ്പെട്ടത്.
മുംബൈ സെന്റ് സേവ്യേഴ്സ് കോളജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ അസോസിയേറ്റ് ഡീനും സിനിമ ടെലിവിഷന്‍ വിഭാഗം മേധാവിയും ചാലക്കുടി സ്വദേശിയുമായ ഡോ. ഷെയ്സന്‍ പി. ഔസേപ്പാണ് സിനിമ സംവിധാനം ചെയ്തത്.
ശാക്തീകരണത്തിന്റെയും അസാധാരണമായ ക്ഷമയുടെയും പ്രചോദനാത്മകമായ കഥയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.