ഗുജറാത്തിലും രാജസ്ഥാനിലുമായി 230 കോടിയുടെ മയക്കുമരുന്ന് വേട്ട; 13 പേര്‍ അറസ്റ്റില്‍

ഗുജറാത്തിലും രാജസ്ഥാനിലുമായി 230 കോടിയുടെ മയക്കുമരുന്ന് വേട്ട; 13 പേര്‍ അറസ്റ്റില്‍

അഹമ്മദാബാദ്: ഗുജറാത്തിലും രാജസ്ഥാനിലുമായി 230 കോടി രൂപ വിലമതിക്കുന്ന മെഫെഡ്രോണ്‍ കൈവശം വെച്ചതിന് 13 പേര്‍ കസ്റ്റഡിയില്‍. തലച്ചോറിനും ശരീരത്തിനുമിടയില്‍ സഞ്ചരിക്കുന്ന സന്ദേശങ്ങള്‍ വേഗത്തിലാക്കുന്ന ഒരു സിന്തറ്റിക് ഉത്തേജക മരുന്നാണ് മെഫെഡ്രോണ്‍.

ഗുജറാത്ത് തീവ്രവാദ വിരുദ്ധ സംഘവും (എ.ടി.എസ്) നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
രാജസ്ഥാനിലെ സിരോഹി, ജോധ്പൂര്‍ എന്നിവിടങ്ങളിലെ യൂണിറ്റുകളിലും ഗാന്ധി നഗറിലെ പിപ്ലജ് ഗ്രാമത്തിലും ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഭക്തിനഗര്‍ വ്യവസായ മേഖലയിലുമാണ് റെയ്ഡ് നടത്തിയത്.

അഹമ്മദാബാദ് സ്വദേശിയായ മനോഹര്‍ലാല്‍ എനാനിയും രാജസ്ഥാനില്‍ നിന്നുള്ള കുല്‍ദീപ്സിങ് രാജ്പുരോഹിതും ചേര്‍ന്ന് മെഫെഡ്രോണ്‍ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിച്ചതായി എ.ടി.എസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. 230 കോടി രൂപ വിലമതിക്കുന്ന 22.028 കിലോഗ്രാം മെഫെഡ്രോണും 124 കിലോഗ്രാം ലിക്വിഡ് മെഫെഡ്രോണുമാണ് പിടികൂടിയത്. ഗാന്ധിനഗറിലെ റെയ്ഡിനിടെ രാജ്പുരോഹിതിനെയും സിരോഹിയില്‍ നിന്ന് എനാനിയെയും പിടികൂടി.

രാജസ്ഥാനിലെ ഒരു വ്യാവസായിക യൂണിറ്റില്‍ മെഫെഡ്രോണ്‍ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടതിന് എനാനിയെ ഡി.ആര്‍.ഐ 2015ല്‍ പിടികൂടിയിരുന്നു. ഈ കേസില്‍ ഏഴു വര്‍ഷമായി ജയിലിലായിരുന്നെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതികളെല്ലാം പരസ്പരം ബന്ധമുള്ളവരാണ്. വല്‍സാദ് ജില്ലയിലെ വാപി വ്യാവസായിക മേഖലയിലുള്ള ഒരു കമ്പനിയില്‍ നിന്നാണ് ഇവര്‍ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നതെന്ന് കണ്ടെത്തി. സംഭവത്തില്‍ മറ്റാരെല്ലാം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്താന്‍ അന്വേഷണം തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.