വത്തിക്കാൻ സിറ്റി: ദക്ഷിണ ഇറ്റലിയിലെ പുഗ്ലിയയിലെ ബോർഗോ എഗ്നാസിയയിൽ ജൂൺ 13 മുതൽ 15 വരെ നടക്കുന്ന ജി-7 ഉച്ചകോടിയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കും. ആർട്ടിഫിഷൽ ഇന്റലിജൻസിനെ ആസ്പദമാക്കി നടക്കുന്ന സെഷനിലായിരിക്കും മാർപാപ്പ പങ്കെടുക്കുക. ഇക്കാര്യം വത്തിക്കാനും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഒരു മാർപാപ്പ ലോകത്തിലെ വൻശക്തി രാജ്യങ്ങളുടെ കൂട്ടായ്മയായ ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ചരിത്രത്തിൽ ആദ്യമായാണ് ഒരു മാർപാപ്പ ജി 7-ന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത്. ഇറ്റലിയുടെ ക്ഷണം സ്വീകരിച്ചതിന് പരിശുദ്ധ പിതാവിന് ഞാൻ ഹൃദയപൂർവ്വം നന്ദി പറയുന്നു. അദേഹത്തിന്റെ സാന്നിധ്യം നമ്മുടെ രാജ്യത്തെയും മുഴുവൻ ജി 7 അംഗങ്ങളെയും സന്തോഷത്തിലാക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന് സാംസ്കാരിക ചട്ടക്കൂട് നിർവചിക്കുന്നതിന് മാർപ്പാപ്പയുടെ സാന്നിധ്യം നിർണായക സംഭാവന നൽകുമെന്ന് എനിക്ക് ബോധ്യമുണ്ടെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. അമേരിക്ക, കാനഡ, ഫ്രാൻസ്, ബ്രിട്ടൺ, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങളാണ് ഈ ഉച്ചകോടിയിൽ ഉള്ളത്.
ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തേക്കും
ഫ്രാൻസിസ് മാർപാപ്പ സെപ്റ്റംബറിൽ ന്യൂയോർക്കിലെത്തി യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തേക്കുമെന്നും റിപ്പോർട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ ക്ഷണപ്രകാരമാണു സന്ദർശനം. സെപ്റ്റംബർ 22, 23 തീയതികളിൽ ‘ഭാവിയുടെ ഉച്ചകോടി’ എന്ന പേരിൽ ലോകം അഭിമുഖീകരിക്കുന്ന ആനുകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ യുഎൻ സമ്മേളനം ചേരുന്നുണ്ട്. ഈ സമ്മേളനത്തിലായിരിക്കും മാർപാപ്പ പങ്കെടുക്കുക. സെപ്റ്റംബർ രണ്ട് മുതൽ 13 വരെ മാർപാപ്പ ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ, ടിമോർ, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുമെന്ന് നേരത്തേതന്നെ വത്തിക്കാൻ പ്രഖ്യാപിച്ചിട്ടുണ്ട്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.