തിരുവനന്തപുരം: സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് നടന്നില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കേന്ദ്ര തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കി.
തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ചകളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്ന് അദേഹം പരാതിയില്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല.
ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌ക്കരിക്കുന്നതിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടു. വോട്ട് രേഖപ്പെടുത്തുന്നതിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.
രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതാമസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ക്ക് കാരണമായി. കനത്ത ചൂടില്‍ മണിക്കൂറുകളോളം കാത്ത് നിന്നിട്ടും വോട്ട് ചെയ്യാനാകാതെ നിരവധി പേര്‍ മടങ്ങിയ സംഭവങ്ങളുണ്ടായി. ആറു മണിക്ക് മുന്‍പ് ബൂത്തില്‍ എത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാകാത്ത സാഹചര്യവും പല സ്ഥലങ്ങളിലും ഉണ്ടായെന്നും പരാതിയില്‍ സതീശന്‍ ചൂണ്ടിക്കാട്ടി.
വടകരയില്‍ രാത്രി വൈകിയും നീണ്ട പോളിങ് നടന്നതില്‍ യുഡിഎഫിന് ആക്ഷേപമുണ്ട്. യുഡിഎഫ് അനുകൂല ബൂത്തുകളില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂര്‍വം അട്ടിമറി നടത്താന്‍ ശ്രമിച്ചു എന്നാണ് യുഡിഎഫിന്റെ പരാതി.
എന്നാല്‍ വൈകുന്നേരമായതോടെ കൂടുതല്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെ എത്തിയതാണ് പോളിങ് നീളാന്‍ കാരണം എന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.