പവാര്‍ അയഞ്ഞു, കാപ്പന്‍ കുഴഞ്ഞു: എന്‍സിപി മുന്നണി വിടില്ല

പവാര്‍ അയഞ്ഞു, കാപ്പന്‍ കുഴഞ്ഞു:  എന്‍സിപി മുന്നണി വിടില്ല

കൊച്ചി: പാലാ സീറ്റ് കിട്ടിയില്ലെങ്കിലും ഇടത് മുന്നണി വിടേണ്ടതില്ലെന്ന തീരുമാനവുമായി എന്‍സിപി ദേശീയ നേതൃത്വം. ഇക്കാര്യം നേരിട്ടറിയിക്കാന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി  പീതാംബരന്‍, മന്ത്രി എ.കെ  ശശീന്ദ്രന്‍, മാണി സി. കാപ്പന്‍ എം.എല്‍.എ എന്നിവരോട് ഫെബ്രുവരി മൂന്നിന് ഡല്‍ഹിയിലെത്താന്‍ ശരത് പവാര്‍ ആവശ്യപ്പെട്ടു. 

ഇതോടെ മാണി സി കാപ്പന്റെ മുന്നില്‍ രണ്ട് വഴികളാണുള്ളത്. ഒന്നുകില്‍ പാര്‍ട്ടി പിളര്‍ത്തി യുഡിഎഫില്‍ ചേക്കേറി പാലാ സീറ്റില്‍ മത്സരിക്കാം. അല്ലെങ്കില്‍ എല്‍ഡിഎഫില്‍ തന്നെ തുടര്‍ന്ന് കുട്ടനാട് സീറ്റില്‍ മത്സരിക്കാം. കാപ്പന്‍ ജയിക്കുകയും എല്‍ഡിഎഫ് അധികാരത്തില്‍ വരികയും ചെയ്താല്‍ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിട്ടുണ്ട്. അല്ലെങ്കില്‍ കാപ്പന് രാജ്യസഭാ സീറ്റ് നല്‍കാമെന്ന ഉപാധിയും സിപിഎം മുന്നോട്ട് വച്ചിട്ടുണ്ട്.യുഡിഎഫ് പാലാ സീറ്റ് നല്‍കുമെങ്കിലും മന്ത്രി സ്ഥാനത്തില്‍ ഉറപ്പില്ല.

സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടായിരുന്നു ആദ്യം ശരദ് പവാറും സ്വീകരിച്ചിരുന്നത്. എന്നാല്‍ സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരി ശരത് പവാറുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പാലാ സീറ്റിന്റെ പേരില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടതില്ലെന്ന് ദേശീയ നേതൃത്വം തീരുമാനിച്ചത്. കേരളത്തില്‍ നിന്നുള്ള ഇടത് നേതാക്കളുടെ ഇടപെടലും ഉണ്ടായി. എല്‍ഡിഎഫിനാണ് തുടര്‍ ഭരണ സാധ്യത എന്ന് ശരദ് പവാറിനെ ബോധ്യപ്പെടുത്താന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടുണ്ട്.

പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടു വീഴ്ചയില്ലെന്ന് ആവര്‍ത്തിച്ചിരുന്ന സംസ്ഥാന അധ്യക്ഷന്‍ ടി.പി പീതാംബരന്‍ മാസ്റ്റര്‍ ഇപ്പോള്‍ നിലപാട് അല്‍പം മയപ്പെടുത്തിയതും ശ്രദ്ധേയം. ഇതിനിടെ കാപ്പനെ പാര്‍ട്ടിയുടെ ഉറച്ച സീറ്റായ എലത്തൂരില്‍ മത്സരിപ്പിച്ച് മന്ത്രി എ.കെ. ശശീന്ദ്രനെ പാര്‍ട്ടി ചുമതലകളിലേക്ക് കൊണ്ടുവരണമെന്ന നിര്‍ദേശം ഔദ്യോഗിക പക്ഷത്തുനിന്ന് വന്നിട്ടുണ്ട്. എന്നാല്‍ സിപിഎം ഇതിനെ അനുകൂലിക്കാന്‍ സാധ്യതയില്ല.

ദേശീയ നേതൃത്വത്തിന്റെ നിലപാട് മാറ്റത്തില്‍ പെട്ടുപോയത് മാണി സി കാപ്പനാണ്. കടുത്ത നിലപാടുകള്‍ സ്വീകരിച്ചതിന് ശേഷം പാര്‍ട്ടി ദേശീയ നേതൃത്വത്തിന് വഴങ്ങാന്‍ അദ്ദേഹം തയ്യാറാകുമോ എന്നും അറിയേണ്ടതുണ്ട്. അല്ലാത്ത പക്ഷം എന്‍സിപിയെ പിളര്‍ത്തി മുന്നോട്ട് പോകാന്‍ കാപ്പന് സാധിക്കുമോ എന്നും ചോദ്യമുയരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.