സോഷ്യൽ മീഡിയയുടെ ഹിപ്നോട്ടിക് ലോകത്ത് നിന്ന് പുറത്തു കടക്കുക; മൊബൈൽ ഫോണുകൾ ഒഴിവാക്കി മറ്റുള്ളവരിലേക്ക് ശ്രദ്ധ തിരിക്കുക; വെനീസ് സന്ദർനവേളയിൽ യുവജനങ്ങളോട് മാർപാപ്പ

സോഷ്യൽ മീഡിയയുടെ ഹിപ്നോട്ടിക് ലോകത്ത് നിന്ന് പുറത്തു കടക്കുക; മൊബൈൽ ഫോണുകൾ ഒഴിവാക്കി മറ്റുള്ളവരിലേക്ക് ശ്രദ്ധ തിരിക്കുക; വെനീസ് സന്ദർനവേളയിൽ യുവജനങ്ങളോട് മാർപാപ്പ

ഇറ്റലി: വത്തിക്കാനിൽ നിന്ന് അഞ്ഞൂറിലേറെ കിലോമീറ്റർ അകലെ ഇറ്റലിയുടെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന വെനീസ് സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ. സ്ത്രീകളുടെ തടവറ സന്ദർശിക്കുകയും അവരെ സംബോധന ചെയ്യുകയും വെനീസിലെ അന്താരാഷ്ട്ര കലാ പ്രദർശനത്തിനെത്തിയിരിക്കുന്ന കലാകാരന്മാരുമായി സംവദിക്കുകയും ചെയ്തു.

തുടർന്ന് ആരോഗ്യനാഥയുടെ ബസിലിക്കയിൽ വച്ച് യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി. അതിന് ശേഷം പാപ്പാ വെനീസിലെ വിഖ്യാതമായ വിശുദ്ധ മർക്കോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിലെത്തി ദിവ്യബലി അർപ്പിക്കുകയും വിശുദ്ധ മർക്കോസിന്റെ തിരുശേഷിപ്പ് വണങ്ങുകയും ചെയ്തു. ‘ക്രിസ്തുവിൻറെ സ്നേഹത്തിൽ നിലനിൽക്കുക’ എന്നതാണ് ഈ യാത്രയുടെ മുദ്രാവാക്യം.

ജനങ്ങളിലേക്കിറങ്ങിചെല്ലാൻ യുവാക്കളോട് മാർ‌പാപ്പ

ദൈവത്തിൻ്റെ പ്രിയപ്പെട്ട മക്കളെന്ന മഹത്തായ സമ്മാനം നമുക്കെല്ലാവർക്കും ലഭിച്ചിട്ടുണ്ടെന്ന് യുവാക്കളോടുള്ള കൂടിക്കാഴ്ചക്കിടെ മാർപാപ്പ പറഞ്ഞു. പരിശുദ്ധ അമ്മ യേശുവിന്റെ മാതാവാകാനുള്ള വിളി കേട്ട സന്ദർഭത്തെക്കുറിച്ച് പാപ്പ വിശദീകരിച്ചു. ' അവൾ എഴുന്നേറ്റു പോയി' എന്ന വാക്യത്തെ പരമാർശിച്ചുകൊണ്ടാണ് പാപ്പ സംസാരിച്ച് തുടങ്ങിയത്. മറ്റുള്ളവരുമായി യേശുവിന്റെ സന്തോഷം പങ്കിടാൻ വിളിക്കപ്പെട്ടവരും സ്വർഗത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ടവരുമാണ് നാം. പാപത്തിൽ നിന്ന് എഴുനേൽക്കണമെന്ന് പാപ്പ പറഞ്ഞു. എൻ്റെ ദൈവമേ... ജീവിതത്തിന് നന്ദി, എൻ്റെ ദൈവമേ... നീ എൻ്റെ ജീവനാണ് എന്ന പ്രാർത്ഥന ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ചൊല്ലണമെന്നും പാപ്പ ഓർമിപ്പിച്ചു.

പാപത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന നാം യേശുവിൽ നിലനിൽക്കണം. പെട്ടെന്നുള്ള വികാരങ്ങളിലും നൈമിഷിക സംതൃപ്തിയിലും ജീവിക്കുന്നതിന് പകരം ദിവ്യബലിയിലടക്കം പങ്കെടുത്ത് പ്രാർത്ഥിച്ചുകൊണ്ട് വിശ്വാസത്തിലും സ്നേഹത്തിലും ഒരുമിച്ച് നിൽക്കാൻ വിളിക്കപ്പെട്ടവരാണെന്ന് പാപ്പ ഉദ്ബോദിപ്പിച്ചു.

എനിക്ക് ചുറ്റുമുള്ള എല്ലാവരും ദിവസം മുഴുവനും അവരവരുടെ മൊബൈൽ ഫോണുകളിലാണ് സമയം ചിലവഴിക്കുന്നത്. നിങ്ങൾ ടിവി ഓഫ് ചെയ്ത് സുവിശേഷം തുറക്കുക, മൊബൈൽ ഫോണുകൾ ഒഴിവാക്കി ആളുകളിലേക്കിറങ്ങുകയെന്ന് പാപ്പ പറഞ്ഞു. ദൈവത്തെ സഹായിക്കാൻ യുവാക്കൾ ഒഴുക്കിനെതിരെ തുഴയണം. ആദ്യം അത് അൽപ്പം കഠിനമാകുമെങ്കിലും സാവദാനം ശരിയാകുമെന്നും പാപ്പ പറഞ്ഞു.

തുടർന്ന് ഫ്രാൻസിസ് മാർപാപ്പ പരിശുദ്ധ അമ്മ യേശുവിന്റെ മാതാവാകാനുള്ള വിളി കേട്ട സന്ദർഭത്തിലെ 'പോകുക' എന്ന വാക്കിനെക്കുറിച്ച് വിശദീകരിച്ചു. മറ്റുള്ളവർക്കായി തന്നെത്തന്നെ സമർപ്പിച്ചുകൊണ്ട് ജീവിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. തൻ്റെ സൃഷ്ടികളിൽ പങ്കുചേരാനുള്ള ദൈവത്തിൻ്റെ ആഹ്വാനം സ്വീകരിക്കാൻ വെനീസിൽ ഒത്തുകൂടിയ യുവജനങ്ങളെ മാർപാപ്പ ക്ഷണിച്ചു. ജീവൻ ആവശ്യപ്പെടുന്നത് നൽകാനാണ്, നിയന്ത്രിക്കാനല്ല; ആത്മാവിനെ മരവിപ്പിക്കുന്ന സോഷ്യൽ മീഡിയയുടെ ഹിപ്നോട്ടിക് ലോകത്ത് നിന്ന് നമ്മൾ പുറത്തുകടക്കണമെന്നും പാപ്പ ഓർമിപ്പിച്ചു.

ഹൃദയത്തിൽ നിന്ന് ഒരു ലളിതമായ പ്രാർത്ഥന സൃഷ്ടിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്തു. ദൈവത്തോട് നിങ്ങളുടെ ഹൃദയം തുറക്കുക, അവനു നന്ദി പറയുക, നിങ്ങൾ ആയിരിക്കുന്ന സൗന്ദര്യത്തെ ആശ്ലേഷിക്കുക; നിങ്ങളുടെ ജീവിതവുമായി പ്രണയത്തിലാകുു എന്ന് പറഞ്ഞ് പാപ്പ പ്രസം​ഗം ഉപസംഹരിച്ചു

വെനീസിലെ വനിതാ തടവുകാരുമായും ഫ്രാൻസിസ് പാപ്പ കൂടിക്കാഴ്ച നടത്തി

ജയിൽ പുതിയ തുടക്കങ്ങളുടെ സ്ഥലമാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട് ഫ്രാൻസിസ് പാപ്പ വെനീസിലെ വനിതാ തടവുകാരുമായി കൂടിക്കാഴ്ച നടത്തി. വെനീസിലെ ജുദേക്ക ദ്വീപിലെ തടവറയിൽ കഴിയുന്ന വനിതാ തടവുകാരുമായാണ് കൂടിക്കാഴ്ച്ച നടത്തിയത്.

“ആരും ആരുടെയും അന്തസ്സ് എടുത്തു കളയരുത്. ഭൗതികവും ധാർമികവുമായ ഒരു പുനർജന്മത്തിന്റെ ഇടമാണിത്. അതിനാൽ, ഒറ്റപ്പെട്ടു പോകാതെ പരസ്പര ബഹുമാനത്തിലൂടെയും അന്യോന്യം കഴിവുകൾ പരിപോഷിപ്പിക്കുന്നതിലൂടെയും ഇതു സാധ്യമാക്കാമെന്ന് മാർപാപ്പ അനുസ്മരിപ്പിച്ചു. തടവുകാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ എടുത്തുപറഞ്ഞുകൊണ്ട് മാനുഷികവും ആത്മികവും സാംസ്കാരികവും തൊഴിൽപരവുമായ വളർച്ചയ്ക്ക് സഹായകരമായ സാഹചര്യങ്ങളും പുനരൈക്യത്തിനുള്ള അവസരങ്ങളും ഒരുക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.