ഇ.പിയെ ചേര്‍ത്തു പിടിച്ച് സിപിഎം; ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി എം.വി ഗോവിന്ദന്‍

ഇ.പിയെ ചേര്‍ത്തു പിടിച്ച് സിപിഎം; ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍  തള്ളി  എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി സിപിഎം.  എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെയുള്ള ആരോപണങ്ങള്‍ നുണ പ്രചാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ശോഭ സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജയരാജന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പിയ്ക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം സെക്രട്ടറി ഇ.പിയെ പിന്തുണയ്ക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് വിരോധമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാദം.

ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് തുടരുമെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ദല്ലാള്‍ നന്ദകുമാറിനെ പോലുള്ളവരുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടു. ആ ബന്ധം മുന്‍പേ അവസാനിപ്പിച്ചതാണെന്ന് ഇ.പി യോഗത്തില്‍ അറിയിച്ചു. ഡല്‍ഹിയിലും രാമനിലയത്തിലും ഉള്‍പ്പെടെ കൂടിക്കാഴ്ച നടത്തിയെന്ന ശോഭയുടെ ആരോപണം അസംബന്ധമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും എല്‍ഡിഎഫിന് ലഭിക്കും. വടകരയില്‍ വര്‍ഗീയ ധ്രുവീകരണം നടന്നു. ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചു. തൃശൂരില്‍ ബിജെപി മൂന്നാം സ്ഥാനത്താകും. ഇടത് വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടുവെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.