സ്വന്തമായി ഡിജിറ്റല്‍ കറന്‍സി: ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും; ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കും

സ്വന്തമായി ഡിജിറ്റല്‍ കറന്‍സി:   ബജറ്റില്‍ പ്രഖ്യാപനമുണ്ടായേക്കും;  ക്രിപ്‌റ്റോ കറന്‍സികള്‍ നിരോധിക്കും

ന്യൂഡല്‍ഹി: സ്വന്തമായി ഡിജിറ്റല്‍ കറന്‍സി നിര്‍മിക്കാനൊരുങ്ങി ഇന്ത്യ. റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന വിധത്തില്‍ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി നിര്‍മിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതോടൊപ്പം രാജ്യത്ത് ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികള്‍ പൂര്‍ണ്ണമായി നിരോധിക്കാനും നീക്കമുണ്ട്.

ബജറ്റ് സെഷനില്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നിയമം കൊണ്ട് ഇന്ത്യയില്‍ എല്ലാവിധ സ്വകാര്യ ഡിജിറ്റല്‍ കറന്‍സികള്‍ നിരോധിക്കാനാണ് ഉദ്ദേശിക്കുന്നത്. ബജറ്റില്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.

എല്ലാ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളുടെയും വ്യാപാരം ഇന്ത്യയില്‍ പൂര്‍ണമായും നിരോധിക്കും. എന്നാല്‍ അവയില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യ ഉപയോഗപ്രദമാക്കും. പുറത്തു നിന്നുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് പത്തുവര്‍ഷം വരെ തടവും കടുത്ത പിഴയും അടക്കമുള്ള ശിക്ഷ നടപ്പിലാക്കാന്‍ ഉള്ള നിര്‍ദ്ദേശം 2019 സര്‍ക്കാര്‍ മുന്നോട്ടു വച്ചിരുന്നു.

എല്ലാ സാമ്പത്തിക സ്ഥാപനങ്ങളോടും ബിറ്റ് കോയിന്‍ അടക്കമുള്ള എല്ലാ വെര്‍ച്ച്വല്‍ കറന്‍സി ഇടപാടുകളില്‍ നിന്നും മൂന്നുമാസത്തിനുള്ളില്‍ വിട്ടുനില്‍ക്കാന്‍ 2018 ഏപ്രിലില്‍ ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2020 മാര്‍ച്ചില്‍ സുപ്രീം കോടതി ബാങ്കുകള്‍ക്ക് ക്രിപ്‌റ്റോകറന്‍സി കൈകാര്യം ചെയ്യാനുള്ള അനുമതി നല്‍കി. ഇത് ആര്‍ബിഐയുടെ നിര്‍ദേശത്തിന് തിരിച്ചടിയായി.

ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ക്രിപ്‌റ്റോ കറന്‍സി നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്. 'ദി ക്രിപ്‌റ്റോ കറന്‍സി ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഒഫീഷ്യല്‍ ഡിജിറ്റല്‍ കറന്‍സി ബില്‍ 2021 എന്നതാണ് പുതിയ ബില്ലിന്റെ പേര്. റിസര്‍വ് ബാങ്ക് ഇറക്കേണ്ട ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സി സൃഷ്ടിക്കുന്നതിനുള്ള ഒരു ചട്ടക്കൂട് രൂപപ്പെടുത്തുകയും ഇന്ത്യയിലെ എല്ലാ സ്വകാര്യ ക്രിപ്‌റ്റോ കറന്‍സികളെയും നിരോധിക്കുകയുമാണ് ബില്ലിലെ ഉദ്ദേശം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.