പിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തണം; സിപിഎമ്മിനോട് ആദായ നികുതി വകുപ്പ്

പിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തണം; സിപിഎമ്മിനോട് ആദായ നികുതി വകുപ്പ്

തൃശൂര്‍: സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപയുടെ സ്രോതസ് വെളിപ്പെടുത്തണമെന്ന് ആദായ നികുതി വകുപ്പ്. തൃശൂരിലെ ബാങ്ക് ഒഫ് ബറോഡയില്‍ അടയ്ക്കാന്‍ കൊണ്ടുവന്ന പണം പിടിച്ചെടുത്ത സംഭവത്തില്‍ പരിശോധന തുടരുകയാണ്. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള ബാങ്ക് ഒഫ് ഇന്ത്യയിലെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച ഒരു കോടി തിരിച്ചടയ്ക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പിടിച്ചെടുത്തത്.

സിപിഎമ്മില്‍ നിന്ന് പിടിച്ചെടുത്ത തുക അതേ അക്കൗണ്ടില്‍ നിക്ഷേപിച്ച ശേഷം അക്കൗണ്ട് മരവിപ്പിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സിപിഎം ജില്ലാ സെക്രട്ടറി എം. എം വര്‍ഗീസും ഓഫീസ് സെക്രട്ടറി പ്രജീഷും ചേര്‍ന്ന് പണം തിരിച്ചടയ്ക്കാന്‍ എം. ജി റോഡിലുള്ള ബാങ്ക് ഒഫ് ഇന്ത്യ ശാഖയിലെത്തിയത്. ഏറെ സമയത്തിന് ശേഷം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ ഷാജനും ബാങ്കിലെത്തി. നേതാക്കള്‍ വന്നതോടെ തൃശൂരിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെത്തി പണം പിടിച്ചെടുത്തു.

ബാഗിലാക്കി എത്തിച്ച ഒരു കോടി നേരത്തെ പിന്‍വലിച്ച അതേ നോട്ടുകളാണെന്ന് ഉറപ്പാക്കി ഇക്കാര്യം സിപിഎം ജില്ലാ സെക്രട്ടറിയെക്കൊണ്ട് ഒപ്പിട്ടുവാങ്ങി. അഞ്ച് മണിക്കൂറോളം സമയമെടുത്ത് നടപടിക്രമം പൂര്‍ത്തീകരിച്ച ശേഷമാണ് സിപിഎം നേതാക്കള്‍ ബാങ്കില്‍ നിന്ന് പുറത്തുവന്നത്. മരവിപ്പിച്ച അക്കൗണ്ടിലേക്ക് പണമിടാനെത്തിയതും തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനില്‍ക്കേ ഒരു കോടി പണമായെത്തിച്ചതും ചട്ട ലംഘനമാണെന്നും ആരോപണമുണ്ട്.

ബാങ്ക് ഒഫ് ഇന്ത്യയിലെ ശാഖയില്‍ സിപിഎമ്മിന് വിവിധ ആവശ്യങ്ങള്‍ക്കായി നാല് അക്കൗണ്ടാണുള്ളത്. ഇതിലെ ഒരെണ്ണത്തില്‍ നിന്നായിരുന്നു ഏപ്രില്‍ രണ്ടിന് ഒരു കോടി രൂപ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസ് പിന്‍വലിച്ചത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തതിനാല്‍ ഈ നാല് അക്കൗണ്ടും ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.