മന്ത്രിയുടെ ഇടപെടല്‍; മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ പൊലീസ് കേസെടുത്തു

 മന്ത്രിയുടെ ഇടപെടല്‍; മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ നടന്ന വാക്‌പോരിന്റെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ പൊലീസ് കേസെടുത്തു. മേയര്‍ ആര്യ രാജേന്ദ്രനുമായി തര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ ഡ്രൈവര്‍ യദു ഓടിച്ചിരുന്ന കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്താന്‍ മന്ത്രി കെബി ഗണേശ് കുമാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസി എംഡി പ്രമോജ് ശങ്കറിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി നല്‍കിയ പരാതിയില്‍ തമ്പാനൂര്‍ പൊലീസാണ് കേസ് എടുത്തത്. ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആര്‍ടിസിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. തൃശൂരിലേയ്ക്ക് സര്‍വീസിന് പോയിരുന്ന ബസ് ഇന്ന് തിരിച്ചെത്തിയതിന് ശേഷമാണ് പൊലീസ് പരിശോധന നടത്തിയത്.

ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ആരാണ് മാറ്റിയത് എന്നതിനെക്കുറിച്ച് വ്യക്തതയില്ല. മെമ്മറി കാര്‍ഡ് ആരോ മാറ്റിയതാകാമെന്നാണ് ഡ്രൈവര്‍ യദു പറഞ്ഞത്. താന്‍ ബസ് ഓടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നെന്നും ദൃശ്യങ്ങള്‍ പുറത്തുവരണമെന്നും യദു പറഞ്ഞിരുന്നു. തൃശൂരില്‍ നിന്ന് വണ്ടി പുറപ്പെട്ടത് മുതല്‍ ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. പാര്‍ട്ടിക്കാര്‍ ആരോ കാര്‍ഡ് മാറ്റിയതാകാമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും യദു ചൂണ്ടിക്കാട്ടിയിരുന്നു.

പാളയം സാഫല്യം കോംപ്ലക്‌സിന് സമീപം മേയറുടെ കാര്‍ കുറുകെയിട്ട് തടഞ്ഞതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബസിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ഡ്രൈവറുടെ മുന്നിലടക്കം മൂന്ന് ക്യാമറകളാണ് ബസിലുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.