ന്യൂഡല്‍ഹി: അമേഠി, റായ്ബറേലി എന്നീ ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. നാളെയാണ് രണ്ടിടങ്ങളിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയോഗം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്തിയിരുന്നു.
രണ്ട് സീറ്റുകളിലും ഗാന്ധി കുടുംബാംഗങ്ങള്‍ മത്സരിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് താല്‍പര്യമില്ലെന്നാണ് സൂചന. പത്രികാ സമര്‍പ്പണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച രാഹുലിന് പുനെയില്‍ പ്രചാരണ പരിപാടി നിശ്ചയിച്ചിട്ടുണ്ടെന്നാണ് വിവരം.
മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും പ്രവര്‍ത്തകരുടെയും സമ്മര്‍ദമുണ്ടെങ്കിലും രാഹുല്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
റായ്ബറേലിയില്‍ മത്സരിക്കാന്‍ തയ്യാറായിരുന്ന രാഹുല്‍ പെട്ടെന്നാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന. ഗാന്ധി കുടുംബാംഗങ്ങളില്‍ ആരും രണ്ട് സീറ്റിലും മത്സരിക്കേണ്ടെന്നാണ് രാഹുലിന്റെ നിലവിലെ നിലപാട്.
അമേഠിയില്‍ മത്സരിക്കുന്ന കാര്യത്തില്‍ രാഹുല്‍ അഖിലേഷ് യാദവിന്റെ അഭിപ്രായം തേടിയിരുന്നുവെന്നാണ് സമാജ്വാദി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. 2019 ല്‍ സ്മൃതി ഇറാനിക്കെതിരെ പരാജയപ്പെട്ടെങ്കിലും നിലവില്‍ രാഹുലിന് അനുകൂലമായ സാഹചര്യം മണ്ഡലത്തില്‍ ഉണ്ടെന്നാണ് രാഹുലിനെ അഖിലേഷ് ധരിപ്പിച്ചത്.
ഇരുവരും മത്സരിക്കുന്നില്ലെങ്കില്‍ രണ്ട് മണ്ഡലങ്ങളിലും അവസാന നിമിഷം സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നത് സംസ്ഥാന നേതൃത്വത്തിന് ദുഷ്‌കരമായിരിക്കും. രാഹുലും പ്രിയങ്കയും മത്സരിക്കാനെത്തുന്നത് യു.പിയിലാകെ പാര്‍ട്ടിയുടെ പ്രകടനത്തെ മെച്ചപ്പെടുത്തുമെന്നാണ് സംസ്ഥാന നേതൃത്വം കരുതുന്നത്.
ഇരുമണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ വൈകുന്നതിനെതിരെ പ്രദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിക്കൊപ്പം സഖ്യമായാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസ് മത്സരിക്കുന്ന മറ്റ് 17 ഇടത്തും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
സ്മൃതി ഇറാനി തന്നെയാണ് അമേഠിയില്‍ ഇത്തവണയും ബിജെപി സ്ഥാനാര്‍ത്ഥി. റായ്ബറേലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പിലിഭിത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട വരുണ്‍ ഗാന്ധിയെ മത്സരിപ്പിക്കാന്‍ നീക്കമുണ്ടായിരുന്നെങ്കിലും വരുണ്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.